കാര്‍കിനോസ് ഹെല്‍ത്ത്‌കെയര്‍ സെര്‍വിക്കല്‍ കാന്‍സറിന് എതിരായ സെര്‍വിരക്ഷ അവതരിപ്പിച്ചു

Posted on: June 8, 2022

കൊച്ചി : സാങ്കേതികവിദ്യാ പിന്‍ബലത്തോടെയുള്ള ഓങ്കോളജി കേന്ദ്രീകൃത ആരോഗ്യ സേവന സംവിധാനമായ കാര്‍കിനോസ് ഹെല്‍ത്ത്‌കെയര്‍ സെര്‍വിക്കല്‍ കാന്‍സറിന് എതിരായ സെര്‍വിരക്ഷ അവതരിപ്പിച്ചു. ഇത്തരത്തിലുള്ള ആദ്യ വാലിഡേറ്റഡ് ഹ്യൂമന്‍ പാപിലോമ വൈറസ് പരിശോധനയും ലോകാരോഗ്യ സംഘടനയുടെ മുന്‍കൂര്‍ യോഗ്യതയുമുള്ള സെര്‍വിരക്ഷയ്ക്ക് അമേരിക്കയിലെ ഫൂഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനും അംഗീകാരം നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിധത്തില്‍ സിഇ മാര്‍ക്കും നേടിയിട്ടുണ്ട്.

സെര്‍വിക്കല്‍ കാന്‍സറുകളില്‍ 99 ശതമാനവും ഹ്യൂമന്‍ പാപിലോമ വൈറസുകള്‍ മൂലമാണ് ഉണ്ടാകുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അറിയപ്പെടുന്ന 100 ഇനം എച്ച്പിവികളില്‍ എച്ച്പിവി-16, എച്ച്പിവി-18 എന്നിവയാണ് ലോകത്തിലെ 70 ശതമാനം സെര്‍വിക്കല്‍ കാന്‍സറുകള്‍ക്കും കാരണമാകുന്നത്.

സെര്‍വിക്കല്‍ കാന്‍സര്‍ പരിശോധനാ രീതികളില്‍ ഹ്യൂമന്‍ പാപിലോമ വൈറസ് പരിശോധനയാണ് സുവര്‍ണ മാനദണ്ഡമായി കണക്കാക്കുന്നത്. ഉയര്‍ന്ന കാര്യക്ഷമത, നേരത്തെ കണ്ടുപിടിക്കാനുള്ള സൗകര്യം, ഉയര്‍ന്ന നെഗറ്റീവ് പ്രെഡിക്ടീവ് മൂല്യം എന്നീ മുന്‍തൂക്കങ്ങള്‍ എച്ച്പിവി പരിശോധനകള്‍ക്കുണ്ട്. മികച്ച ചികില്‍സാ രീതികള്‍ക്കു വഴി തുറക്കാനും ഭേദമാകുന്നവരുടെ നിരക്കു വര്‍ധിക്കാനും ഇതു സഹായകമാകുന്നു.

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായി ഭേദമാക്കാമെന്ന് കാര്‍കിനോസ് ഹെല്‍ത്ത്‌കെയറിലെ പ്രിവന്റീവ് ഓങ്കോളജി ഡയറക്ടര്‍ ഡോ. ആര്‍ ശങ്കരനാരായണന്‍ പറഞ്ഞു. ഇന്ത്യയിലെ സെര്‍വിക്കല്‍ കാന്‍സറിന്റെ വാര്‍ഷിക നിരക്ക് 18 ശതമാനവും വാര്‍ഷിക മരണ നിരക്ക് 11.4 ശതമാനവുമാണ്. അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ ഇത് കൃത്യമായി താഴേക്കു കൊണ്ടു വരാനാകും.

സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധം, സ്‌ക്രീനിങ്, പരിശോധന, ചികില്‍സ എന്നിവയെകുറിച്ച് വിപുലമായ അവബോധം വളര്‍ത്തുകയാണ് ഇപ്പോഴത്തെ ആവശ്യം. എച്ചപിവി പരിശോധനയെ കുറിച്ച് ഇന്ത്യയില്‍ വളരെ താഴ്ന്ന നിലയിലേ അവബോധമുള്ളു എന്ന് കാര്‍കിനോസ് ഹെല്‍ത്ത്‌കെയറിന്റെ സഹ സ്ഥാപകയും ചീഫ് ഗ്രോത്ത് ഓഫിസറുമായ ശ്രീപ്രിയ റാവു പറഞ്ഞു.

ഇന്ത്യയിലെ കാന്‍സര്‍ പരിരക്ഷ ജനാധിപത്യവല്‍ക്കരിക്കാനുള്ള കാഴ്ചപ്പാടുമായാണ് കാര്‍കിനോസ് ഹെല്‍ത്ത്‌കെയര്‍ മുന്നോട്ടു പോകുന്നത്. അതിനായി കമ്പനി സെര്‍വിരക്ഷ എച്ച്പിവി പരിശോധന അവതരിപ്പിക്കുകയും എല്ലാ ഇന്ത്യന്‍ വനിതകളേയും ലക്ഷ്യമിടുകയും ചെയ്യുന്നുണ്ടെന്നും ശ്രീപ്രിയ റാവു പറഞ്ഞു.

കാര്‍കിനോസ് വെബ്‌സൈറ്റിലൂടെ ഈ പരിശോധനയ്ക്കായി വളരെ എളുപ്പത്തില്‍ ബുക്കിങ് നടത്താനാവും. ലളിതമായ അഞ്ചു ചുവടുകള്‍ പിന്തുടര്‍ന്ന് പരിശോധനയ്ക്കു ബുക്കു ചെയ്യാം. പരിശീലനം ലഭിച്ച ‘സെര്‍വിരക്ഷക്’ അപേക്ഷകരുടെ വീട്ടില്‍ നിന്നു തന്നെ സാമ്പിള്‍ ശേഖരിക്കുകയും ഇമെയില്‍ വഴി ഫലം നല്‍കുകയും ചെയ്യും.

ഉയര്‍ന്ന അപകട സാധ്യതയുള്ള എച്ച്പിവി-16, എച്ച്പിവി-18 ജീനോടൈപുകളും സെര്‍വിരക്ഷ എച്ച്പിവി പരിശോധനയിലൂടെ കണ്ടെത്താം.

 

TAGS: KARKINOS |