നവീന കാന്‍സര്‍സേവനത്തിനായി റാക്കൂട്ടന്‍ മെഡിക്കലും കാര്‍ക്കിനോസ് ഹെല്‍ത്ത്‌കെയറും കൈകോര്‍ക്കുന്നു

Posted on: October 25, 2021

കൊച്ചി : ഇന്ത്യയില്‍ കാന്‍സര്‍ ചികിത്സാസേവനം വ്യാപിപ്പിക്കുന്നതിനായി റാക്കൂട്ടന്‍ മെഡിക്കലും കാര്‍ക്കിനോസ് ഹെല്‍ത്ത്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡും കൈകോര്‍ ക്കുന്നു. ഇതിന്റെ ഭാഗമായി റാക്കൂട്ടന്‍ മെഡിക്കല്‍ കാര്‍ക്കിനോസ് ഹെല്‍ത്ത്‌കെയറില്‍ ന്യൂനപക്ഷ ഓഹരി സ്വന്തമാക്കി. കാര്‍ക്കിനോസിലെ ആദ്യത്തെ അന്താരാഷ്ട്ര നിക്ഷേപകരാണ് റാക്കൂട്ടന്‍ മെഡിക്കല്‍.

ജാപ്പനീസ് ആരോഗ്യ, തൊഴില്‍, ക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയ ഇല്യൂമിനോക്‌സ് പ്ലാറ്റ്‌ഫോമില്‍ നവീനമായ അര്‍ബുദ ചികിത്സകള്‍ വികസിപ്പിക്കുന്നതിനും നടപ്പില്‍വരുത്തുന്നതിനും ശ്രദ്ധ ചെലുത്തുകയാണ് റാക്കൂട്ടന്‍ മെഡിക്കല്‍. കാന്‍സര്‍ കണ്ടെത്തുന്നതിനും രോഗനിര്‍ണയം നടത്തുന്നതിനും ചികിത്സകള്‍ നിര്‍ദ്ദേശിക്കുന്നതിനും ശ്രദ്ധചെലുത്തുന്ന ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമാണ് കാര്‍ക്കിനോസ്. ഇന്ത്യയിലും വിദേശത്തും നൂതനമായ കാന്‍സര്‍ ചികിത്സകള്‍ കണ്ടെത്തുന്നതിന് ഈ കൂട്ടുകെട്ട് പരിശ്രമിക്കും.

ഇന്ത്യയില്‍ വിപുലമായ കാന്‍സര്‍ സേവന ശൃംഖലകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി എറണാകുളം, ഇടുക്കി ജില്ലകളിലായി കോതമംഗലം, ചോറ്റാനിക്കര, തൊടുപുഴ, മൂന്നാര്‍ എന്നിവിടങ്ങളില്‍ കാര്‍ക്കിനോസ് സേവനം ലഭ്യമാക്കുന്നുണ്ട്.

കാന്‍സര്‍ ആരോഗ്യസേവനരംഗത്തെ മാറ്റിമറിക്കാന്‍ പ്രതിബദ്ധമായ കാര്‍ക്കിനോസുമായി പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് റാക്കൂട്ടന്‍ മെഡിക്കല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മിക്കി മികിതാനി പറഞ്ഞു.

റാക്കൂട്ടന്‍ മെഡിക്കലിന്റെ ഇല്യൂമിനോക്‌സ് പ്ലാറ്റ്‌ഫോം രാജ്യത്തെ കാന്‍സര്‍ പരിചരണത്തെ മാറ്റിമറിക്കുമെന്നാണ് കരുതുന്നതെന്ന് കാര്‍ക്കിനോസ് ഹെല്‍ത്ത്‌കെയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വെങ്കിടരമണന്‍ ആര്‍ പറഞ്ഞു.

രത്തന്‍ എന്‍. ടാറ്റ, വേണു ശ്രീനിവാസന്‍, റോണി സ്‌ക്രൂവാല, ഭാവിഷ് അഗര്‍വാള്‍ തുടങ്ങിയവര്‍ കാര്‍ക്കിനോസ് ഹെല്‍ത്ത്‌കെയറില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.