കിംസ്‌ഹെല്‍ത്ത് മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവും ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഫൗണ്ടേഷനും ആരംഭിച്ചു

Posted on: December 20, 2021

തിരുവനന്തപുരം : 500 വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ വേളയില്‍ അവയവമാറ്റ ശസ്ത്രക്രിയ ലോകോത്തര നിലവാരത്തില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കിംസ്‌ഹെല്‍ത്തില്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഐസിയു, ഓപ്പറേറ്റിംഗ് റൂം എന്നിവ പ്രവര്‍ത്തനമാരംഭിച്ചു. കിംസ്‌ഹെല്‍ത്തിന്റെ പ്രവര്‍ത്തനത്തില്‍ നാഴികക്കല്ലായ ഈ പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനവും ‘സ്പര്‍ശം-ഗിഫ്റ്റ് എ ലൈഫ്’ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും ഗതാഗതമന്ത്രി ആന്റണി രാജു നിര്‍വ്വഹിച്ചു.

അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാനത്തെ കുറിച്ചുള്ള അജ്ഞതകള്‍ മാറ്റുന്നതിനും വലിയ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. അവയവ ദാനത്തെക്കുറിച്ചുള്ള അജ്ഞത, ഭീതി, അന്ധവിശ്വാസം എന്നിവയെല്ലാം ആളുകളെ ഇതില്‍ നിന്ന് പിന്നോട്ടടിപ്പിക്കുന്നുണ്ട്. അവയവങ്ങളുടെ ലഭ്യതക്കുറവു മൂലം ദിവസവും ജീവന്‍ നഷ്ടമാകുന്ന അവസ്ഥയുണ്ട്. അവയവദാനം ചെയ്യുന്നവരുടെ എണ്ണം കുറവും അവയവം സ്വീകരിക്കാനുള്ള ആളുകളുടെ എണ്ണം വളരെ കൂടുതലും ആണെന്നതാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനെക്കുറിച്ച് ഒരു പൊതു-സ്വകാര്യ-പങ്കാളിത്ത (പിപിപി) മാതൃകയുടെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കും. 500 വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കാനായത് അഭിനന്ദനാര്‍ഹമായ നേട്ടമാണെന്നും കിംസ്‌ഹെല്‍ത്തിന് ഇത് ഒരു പൊന്‍തൂവലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കൂടുതല്‍ പദ്ധതികള്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കിയാല്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച് മുന്നോട്ടുപോകാനാകുമെന്നും ഇതിന് സര്‍ക്കാരിന്റെ സഹകരണം ആവശ്യമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കിംസ്‌ഹെല്‍ത്ത് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.ഐ.സഹദുള്ള പറഞ്ഞു. ‘സ്പര്‍ശം-ഗിഫ്റ്റ് എ ലൈഫ്’ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഫൗണ്ടേഷന്റെ ഭാഗമായി വര്‍ഷത്തില്‍ അഞ്ച് കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ സൗജന്യമായി നല്‍കും. പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റേഷനു പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സാങ്കേതിക വിദ്യകളുടെയും മരുന്നുകളുടെയും സഹായത്തോടെ ഇക്കാലത്ത് സങ്കീര്‍ണ്ണമല്ലാത്ത പ്രക്രിയയായ അവയവമാറ്റ ശസ്ത്രക്രിയയില്‍ കിംസ്‌ഹെല്‍ത്ത് ഒരുപാട് മുന്നേറിക്കഴിഞ്ഞുവെന്ന് കിംസ്‌ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍ ഡോ.ജി.വിജയരാഘവന്‍ പറഞ്ഞു. ഇതുവരെ ലഭ്യമായിട്ടുള്ള എല്ലാ അതിനൂതന സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയുള്ള അവയവമാറ്റ ശസ്ത്രക്രിയകളും സംയുക്ത കരള്‍-വൃക്ക മാറ്റിവയ്ക്കല്‍, എല്ലാ രക്തഗ്രൂപ്പുകളിലെയും വൃക്ക മാറ്റിവയ്ക്കല്‍ എന്നിവയും കിംസ്‌ഹെല്‍ത്ത് നടത്തിയിട്ടുണ്ടെന്ന് നെഫ്രോളജി വിഭാഗം മേധാവി ഡോ.സതീഷ് ബി. പറഞ്ഞു.

കിംസ്‌ഹെല്‍ത്ത് മെഡിക്കല്‍ സൂപ്രണ്ടും നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.പ്രവീണ്‍ മുരളീധരന്‍, യൂറോളജി വിഭാഗം മേധാവി ഡോ.റെനു തോമസ് എന്നിവര്‍ സംസാരിച്ചു. കിംസ്‌ഹെല്‍ത്തില്‍ നിന്ന് വിജയകരമായി വൃക്ക മാറ്റിവച്ച രോഗികളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.

അത്യാധുനിക സൗകര്യങ്ങളോടെ 85 കിടക്കകളുള്ള അതിനൂതന തീവ്രപരിചരണ ചികിത്സാവിഭാഗം കിംസ്‌ഹെല്‍ത്ത് ഈസ്റ്റില്‍ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. രാജ്യത്ത് ഇത്തരം സൗകര്യങ്ങളുള്ള തീവ്രപരിചരണ ചികിത്സാ വിഭാഗങ്ങളുടെ അപര്യാപ്തത തുറന്നുകാട്ടിയ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. നാഷണല്‍ ബോര്‍ഡ് ഫോര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് പ്രോഗ്രാം ഇന്‍ ക്രിട്ടിക്കല്‍ കെയര്‍, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ക്രിട്ടിക്കല്‍ കെയര്‍ എന്നിവയുടെ അംഗീകാരമുള്ളതാണ് ഈ തീവ്രപരിചരണ വിഭാഗം. കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ഇവിടെ ലഭിക്കും. കരള്‍, ഹൃദയം, ശ്വാസകോശം എന്നിവ മാറ്റിവയ്ക്കുന്നതിനുള്ള അംഗീകാരം ലഭിച്ചിട്ടുള്ള കേന്ദ്രം കൂടിയാണ് കിംസ്‌ഹെല്‍ത്ത്.

 

TAGS: KIMSHEALTH |