ശുചീകരണ തൊഴിലാളികള്‍ക്ക് ‘തണല്‍’ ഒരുക്കി കിംസ്‌ഹെല്‍ത്ത്

Posted on: April 14, 2022

തിരുവനന്തപുരം: ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി നഗരത്തിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നതിനായി കിംസ്‌ഹെല്‍ത്ത് ‘തണല്‍’ എന്ന പരിപാടി സംഘടിപ്പിച്ചു. കിംസ്‌ഹെല്‍ത്തിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പുറംജോലികളില്‍ ഏര്‍പ്പെടുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് തലയില്‍ വയ്ക്കാവുന്ന കുടയുടെ വിതരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടന്നു.

കോര്‍പ്പറേഷന്റെ നട്ടെല്ലാണ് ശുചീകരണ തൊഴിലാളികളെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. കോവിഡിന്റെ സമയത്തും തങ്ങളുടെ ആരോഗ്യം പോലും നോക്കാതെ സമൂഹത്തെ സേവിച്ചവരാണ് ശുചീകരണ തൊഴിലാളികള്‍. നഗരത്തെ ശുചിത്വമുള്ളതാക്കി നിലനിര്‍ത്തുന്നതില്‍ ഇവരുടെ പങ്ക് വലുതാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് ചികിത്സയില്‍ കിംസ്‌ഹെല്‍ത്തിന്റെ ഉത്തരവാദിത്തത്തോടെയുള്ള ഇടപെടലുകളെ മേയര്‍ അഭിനന്ദിച്ചു.

കിംസ്‌ഹെല്‍ത്തിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ‘തണല്‍’ എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുള്ള പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് സമൂഹത്തിന്റെ പുരോഗതിക്ക് ഗുണം ചെയ്യും. സിഎസ്ആറിന്റെ ഭാഗമായി കിംസ്‌ഹെല്‍ത്ത് ജയ്പൂര്‍ ലിംബ് സെന്ററുമായി ചേര്‍ന്ന് രോഗികള്‍ക്കായി 1000 ജയ്പൂര്‍ കൃത്രിമക്കാലുകള്‍ ഇതുവരെ കേരളത്തില്‍ വിതരണം ചെയ്തുവെന്നും ഡോ.സഹദുള്ള പറഞ്ഞു.

മഴയും വെയിലും ഏറ്റവുമധികം ബാധിക്കുന്നത് പുറംജോലികളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെയാണെന്നും അവരുടെ ആരോഗ്യസംരക്ഷണത്തിനും ജോലി കൂടുതല്‍ സുഗമമാക്കുന്നതിനും വേണ്ടിയാണ് കുടകള്‍ വിതരണം ചെയ്തതെന്നും കിംസ്‌ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍ ഡോ.ജി.വിജയരാഘവന്‍ പറഞ്ഞു.

കിംസ്‌ഹെല്‍ത്ത് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബ് ചടങ്ങിന് സ്വാഗതവും കിംസ്‌ഹെല്‍ത്ത് മെഡിക്കല്‍ സൂപ്രണ്ട് ഡോ.പ്രമീള ജോജി നന്ദിയും പറഞ്ഞു.

TAGS: KIMSHEALTH |