കിംസ്‌ഹെല്‍ത്തില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ 11 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു

Posted on: June 7, 2021

 

തിരുവനന്തപുരം : ഏഴുമണിക്കൂറിലധികം നീണ്ട അപൂര്‍വ്വവും സങ്കീര്‍ണവുമായ ശസ്ത്രക്രിയയിലൂടെ പത്തനംതിട്ട സ്വദേശിയായ അന്‍പത്തിയേഴുകാരന്റെ അടിവയറില്‍ നിന്നും പതിനൊന്നു കിലോ ഭാരമുള്ള ട്യൂമര്‍ കിംസ്‌ഹെല്‍ത്തിലെ ഡോക്ടര്‍മാര്‍ വിജയകരമായി നീക്കം ചെയ്തു. അപകടകാരിയായ ട്യൂമറിന് 50x27x26 സെന്റീമീറ്റര്‍ വലിപ്പമുണ്ടായിരുന്നു.

പത്തനംതിട്ട സ്വദേശിയുടെ ഇടത് വൃക്ക, ഇടത് യൂറിറ്റര്‍, ഹൃദയത്തില്‍ നിന്നുള്ള പ്രധാന രക്തക്കുഴലുകള്‍ എന്നിവയ്ക്ക് സമീപമുള്ള റെട്രോപെരിറ്റോണിയത്തില്‍ ലൈപോസര്‍കോമ എന്ന അര്‍ബുദമാണ് കണ്ടെത്തിയത്. തുടയുടേയോ, അടിവയറിലേയോ മൃദുലമായ കലകളിലെ കൊഴുപ്പ് അടിയുന്ന കോശങ്ങളില്‍ ഉണ്ടാകുന്ന അര്‍ബുദമാണിത്. സാധാരണ ട്യൂമറിന്റെ പരിധിക്കപ്പുറം വളര്‍ന്ന അപൂര്‍വമായ ട്യൂമറായിരുന്നു ഇത്. ദഹനേന്ദ്രീയവ്യൂഹം, വൃക്ക, പ്രധാന രക്തക്കുഴലുകള്‍ തുടങ്ങി ഇടത് വൃഷണസഞ്ചിവരെ ഈ ട്യൂമര്‍ വ്യാപിച്ചിരുന്നു.

അര്‍ബുദം മറ്റു അവയവങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്ന് ഉറപ്പാക്കുന്നതിന് പെറ്റ്‌സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുകയും മൂന്നു ദിവസത്തിനുള്ളില്‍ രോഗിയെ അഡ്മിറ്റ് ചെയ്ത് ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തു.

കഴിഞ്ഞ മൂന്നു വര്‍ഷമായി അടിവയറിലെ ചെറിയ അസ്വസ്ഥതയല്ലാതെ മറ്റു സാരമായ പ്രശ്‌നങ്ങളൊന്നും ഇദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നില്ല. ഒരു വര്‍ഷത്തിനു മുന്‍പേതന്നെ വീടിന് സമീപത്തുള്ള ആശുപത്രിയില്‍ പോയി സ്‌കാന്‍ ചെയ്തപ്പോഴാണ് ഇദ്ദേഹത്തിന് ട്യൂമര്‍ ബോധ്യമായത്. ദൈനംദിന ജീവിതത്തില്‍ മറ്റു ശാരീരിക പ്രയാസങ്ങളൊന്നും നേരിടാത്തതിനാല്‍ ചികിത്സതേടാതിരുന്ന ഇദ്ദേഹത്തെ ബന്ധുക്കളുടെ നിര്‍ദേശപ്രകാരമാണ് ചികിത്സയ്ക്ക് കൊണ്ടുവന്നതെന്ന് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ ബി ജയാനന്ദ് സുനില്‍ പറഞ്ഞു.

ഡോ ബി ജയാനന്ദ് സുനില്‍, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ.ഭരത്, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ.ഷബീര്‍ അലി, യൂറോളജിസ്റ്റുമാരായ ഡോ റെനു തോമസ്, ഡോ നിത്യ, ജനറല്‍ സര്‍ജന്‍മാരായ ഡോ ഫിറോസ് ഖാന്‍, ഡോ. ശരണ്‍, കാര്‍ഡിയോവാസ്‌കുലാര്‍ സര്‍ജന്‍ ഡോ.ഷാജി പി, അനസ്‌തെറ്റിസ്റ്റുമാരായ ഡോ. സുഭാഷ്, ഡോ. നന്ദകുമാര്‍ എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. രാവിലെ ഒന്‍പതിന് ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ട് നാലരവരെ നീണ്ടു. രോഗിയുടെ നില മെച്ചപ്പെട്ടതോടെ ഐസിയുവില്‍ നിന്നും മൂന്നാം ദിവസം മാറ്റുകയും ഒരാഴ്ചക്കുള്ളില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു.

TAGS: KIMSHEALTH |