കെഎംസി ഹോസ്പിറ്റലില്‍ താടിയെല്ലിലെ വൈകല്യം ശസ്ത്രക്രിയയിലൂടെ ഭേദമാക്കി

Posted on: May 11, 2021

മംഗലുരു : ഡെന്റോഫേഷ്യല്‍ ഡിഫോര്‍മിറ്റി എന്നറിയപ്പെടുന്ന താടിയെല്ലിലെ വൈകല്യം ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും ഭേദമാക്കി മംഗലുരു കെഎംസി ഹോസ്പിറ്റല്‍. ഡോക്ടര്‍ കുടിയായ അഞ്ജലി എന്ന 23 കാരിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

മെഡിക്കല്‍ സയന്‍സിന്റെ ഭാഷയില്‍ ക്ലാസ് 3 പ്രോഗ്‌നാത്തിസം എന്നറിയപ്പെടുന്ന ഈ അവസ്ഥയില്‍ ഭക്ഷണം ചവയ്ക്കുന്നതുപോലുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കുപോലും ബുദ്ധിമുട്ട് നേരിടാറുണ്ട്. ഡോ. അഞ്ജലിയുടെ കാര്യത്തില്‍ താഴത്തെ താടിയെല്ല് അല്പം മുന്നോട്ടും മുകളിലെതാടിയെല്ല് അല്പം പിന്നിലും ആയതുമൂലം പല്ലുകളുടെ ഘടനയില്‍ തകരാറുണ്ടായിരുന്നു. സംസാരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഒമ്പത് മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചതിനൊപ്പം പതിവായുള്ള തലവേദന ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും പരി ഹരിക്കാനായി. മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും സഹായകമായി.

കെഎംസി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഓറല്‍ മാക്‌സി ലോഫേഷ്യല്‍ സര്‍ജന്‍ ഡോ. അഭയ് കമ്മത്തിനൊപ്പം ഡോ. വാസുദേവ ദാസ്, ഡോ. വൈ. അസീല്‍, ഡോ. അംജദ് അലി, ഡോ. ശ്രേയസി എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.