കൊറോണ വൈറസ്: ഏഴ് രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ് വിസ താല്‍ക്കാലികമായി നിര്‍ത്തി

Posted on: March 2, 2020

ജിദ്ദ: ചൈന, ഇറ്റലി, കൊറിയ, ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ടൂറിസം മന്ത്രാലയം തീരുമാനിച്ചു. സൗദിയിലെ ബന്ധപ്പെട്ട ആരോഗ്യ അധികാരികളുമായി ഏകോപിപ്പിച്ചാണ് ടൂറിസ്റ്റ് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

ഈ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് താല്‍ക്കാലിക പുതിയ ടൂറിസ്റ്റ് വിസകള്‍ നല്‍കില്ലെന്നത് പോലെ മുമ്പ് നല്‍കിയ ടൂറിസ്റ്റ് വിസകളും താല്‍ക്കാലികമായി റദ്ദ് ചെയ്തതായും ടൂറിസം മന്ത്രാലയം അറിയിച്ചു.

അതേസമയം മുകളില്‍ പറഞ്ഞ ഏഴ് രാജ്യങ്ങള്‍ ഒഴിച്ചുള്ള, നേരത്തെ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചുകൊണ്ടിരുന്ന മറ്റു രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് മക്ക, മദീന എന്നിവിടങ്ങളില്‍ പ്രവേശനം നല്‍കില്ലെന്ന നിബന്ധനയോടെ ഇലക്ട്രോണിക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

എന്നാല്‍ ഇലക്ട്രോണിക് വിസയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കുന്ന ടൂറിസ്റ്റ് വിസകളെ സംബന്ധിച്ച് സൗദിക്കു പുറത്തുനിന്നും മന്ത്രാലയത്തിന്റെ 00966920000890 എന്ന ഫോണില്‍ ബന്ധപ്പെട്ട് സ്ഥിരീകരിക്കുവാനും ഉറപ്പുവരുത്തുവാനും സാധിക്കും.

അമേരിക്കന്‍, ബ്രിട്ടീഷ്, ഷെങ്കന്‍ വിസ കൈവശമുള്ളവര്‍ ടൂറിസ്റ്റ് ടൂറിസ്റ്റ് വിസ ലഭിക്കാനുള്ള സാധ്യത ഫോണിലൂടെ പരിശോധിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.

മറ്റ് രാജ്യങ്ങളില്‍ നിന്ന് രാജ്യം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്കും സൗദി പൗരന്‍മാര്‍ക്കും സൗദിയില്‍ ജോലിയാവശ്യാര്‍ത്ഥമുള്ള വിദേശ തൊഴിലാളികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പരമാവധി സംരക്ഷണം
നല്‍കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് മന്ത്രാലയം പറഞ്ഞു. ഈ നടപടിക്രമങ്ങള്‍ താല്‍ക്കാലികമാണെന്നും അധികാരികളുടെ നിരന്തരമായ വിലയിരുത്തലിന് ശേഷം മറ്റ് തീതുമാനങ്ങള്‍ പിറകെ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.