സൗദി വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ സംതൃപ്തി നിരക്ക് 75 %

Posted on: January 10, 2020

റിയാദ് : സൗദിയില്‍ വിമാനത്താവള യാത്രക്കാരുടെ ഡിസംബറിലെ സംതൃപ്തി നിരക്ക് 75%. കഴിഞ്ഞ നവംബറിലെ അനുപാതത്തിന് തുല്യമാണിത്. 800,000 യാത്രക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് (ജിഎസിഎ) സ്ഥിതി വിവരക്കണക്കുകള്‍ വെളിപ്പെടുത്തിയത്. റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളം, ദമാം കിംഗ് ഫഹദ് രാജ്യാന്തര വിമാനത്താവളം, മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

മദീന യാത്രക്കാരുടെ സംതൃപ്തി കഴിഞ്ഞമാസത്തേക്കാള്‍ ഒരു ശതമാനം വര്‍ധിച്ചിട്ടുണ്ട്. 80% ആണിപ്പോള്‍. റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളില്‍ സംതൃപ്തി നിരക്കില്‍ മാറ്റമില്ല. ഇത് യഥാക്രമം 79%, 68%, 76% ആണ്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ ക്വാളിറ്റി ആന്റ് കസ്റ്റമര്‍ പ്രൊട്ടക്ഷന്‍ ആണ് ഉപഭോക്തൃ സംതൃപ്തിയുടെ നിലവാരത്തെക്കുറിച്ചും, നല്‍കിയ സേവനങ്ങളെക്കുറിച്ചുമുല്ലള്ള ഇടക്കാല റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നത്.

നിലവിലെ സേവനങ്ങളുടെ നിലവാരം വിലയിരുത്തുക, അഭിപ്രായ വോട്ടെടുപ്പിലൂടെ ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്യുക എന്നിവ കൂടി ഈ ബോഡി നിര്‍വഹിക്കുന്നുണ്ട്. നിലവിലെ സേവനങ്ങളുടെ നിലവാരം വിലയിരുത്തി, യാത്രക്കാര്‍ക്ക് ഏറ്റവും ഉയര്‍ന്ന രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യം.