ജനുവരി ഒന്നുമുതല്‍ സൗദി ആഭ്യന്തര വിമാനത്താവളങ്ങളില്‍ യൂസേഴ്‌സ് ഫീ

Posted on: January 6, 2020

ജിദ്ദ: സൗദിയിലെ ആഭ്യന്തര വിമാനത്താവളങ്ങളുപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ജനുവരി ഒന്നു മുതല്‍ 10 റിയാലാണ് യൂസേഴ്‌സ് ഫീയായി ഈടാക്കുക. സൗദിയില്‍ ആഭ്യന്തര സേവനം നടത്തുന്ന മുഴുവന്‍ വിമാനങ്ങളിലെ യാത്രക്കാര്‍ക്കും യൂസേഴ്‌സ് ഫീ ബാധകമായിരിക്കും. മുലകുടിപ്രായത്തിലുള്ള പിഞ്ചുകുട്ടികള്‍, വിമാനത്തില്‍ സേവനത്തിലുള്ള പൈലറ്റുമാര്‍, എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍, ടെക്‌നീഷ്യന്മാര്‍, വിമാനത്തില്‍ നിന്നും ഇറങ്ങാതെ ട്രാന്‍സിറ്റ് വിസയിലുള്ളവര്‍ എന്നിവര്‍ക്ക് യൂസേഴ്‌സ് ഫീ ബാധകമല്ല.

വിമാനത്താവളത്തിന്റെ അനുബന്ധ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് ആഭ്യന്തര യാത്രക്കാരില്‍ നിന്നും പത്ത് റിയാല്‍ യൂസേഴ്‌സ് ഫീ ഈടാക്കുവാന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ തീരുമാനിച്ചതാണ്. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ട് ശേഖരിക്കുകയാണ് ലക്ഷ്യം. ആഭ്യന്തര യാത്രക്കാരില്‍നിന്നുമാത്രമായിരിക്കും യൂസേഴ്‌സ് ഫീ ഈടാക്കുക.