കുട്ടികളിലെയും നവജാതശിശുക്കളിലെയും ശസ്ത്രക്രിയ : ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് പീഡിയാട്രിക് സര്‍ജന്‍സുമായി ചേര്‍ന്ന് ആസ്റ്റര്‍ മിംസില്‍ ഇന്ത്യയിലെ ആദ്യത്തെ ശില്പശാല

Posted on: March 7, 2024

കോഴിക്കോട് : കുട്ടികളിലെയും നവജാതശിശുക്കളിലെയും ശസ്ത്രക്രിയകളെ കുറിച്ച് ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച ദേശീയ ശില്പശാല ശ്രദ്ധേയമായി. ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് പീഡിയാട്രിക് സര്‍ജന്‍സുമായി ചേര്‍ന്നാണ് ഈ വിഷയത്തില്‍ രാജ്യത്ത് ആദ്യമായി ഒരു തത്സമയ ശില്പശാല ഒരുക്കിയത്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള 22 വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്തു. ശിശുക്കളില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത്തിനുള്ള വൈദ്യഗ്ധ്യം വര്‍ധിപ്പിക്കാന്‍ ഉതകുന്നതായിരുന്നു ശില്പശാല. തെക്കേഇന്ത്യയിലെ ആശുപത്രികളില്‍ കുട്ടികള്‍ക്കും നവജാതശിശുക്കള്‍ക്കും ലഭ്യമാകുന്ന ചികിത്സാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ണായക ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ ശില്പശാല.

യഥാര്‍ത്ഥവേളയിലെന്ന പോലെ നവജാതശിശുക്കളില്‍ നേരിട്ട് ശസ്ത്രക്രിയ നടത്തുന്ന അതേ അനുഭവം തത്സമയം സൃഷ്ടിച്ചുകൊണ്ടാണ് പങ്കെടുത്തവര്‍ക്ക് പരിശീലനം നല്‍കിയത്. തീര്‍ത്തും നിയന്ത്രിതമായ അന്തരീക്ഷത്തില്‍, സമാന മാതൃകകള്‍ ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയ വേറിട്ട അനുഭവമായി. നവജാതശിശുക്കളുടെ ചികിത്സയ്ക്കിടയില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ ധൈര്യപൂര്‍വം നേരിടാനുള്ള വൈദഗ്ധ്യം സ്വായത്തമാക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നതായിരുന്നു ഈ പരിശീലനം.

വിദഗ്ധഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ശില്പശാല. യുകെയില്‍ നിന്നുള്ള മുതിര്‍ന്ന സര്‍ജന്മാരായിരുന്നു നേതൃസ്ഥാനത്ത്. യുകെയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് NHS ഫൗണ്ടേഷന്‍ ട്രസ്റ്റിലെ പീഡിയാട്രിക് സര്‍ജന്‍ പ്രൊഫ. വി. കാളിദാസന്‍, ഈവലീന ലണ്ടന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് യൂറോളജിസ്റ്റ് ഡോ. അനു പോള്‍, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് ലെയ്‌സസ്റ്ററിലെ പീഡിയാട്രിക് സര്‍ജന്‍ ഡോ. ഹൈതം ദഗാഷ് എന്നിവര്‍ പങ്കെടുത്തവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക്, നിയോനേറ്റല്‍ സര്‍ജറി വിഭാഗം ഡോക്ടര്‍മാരായ ഡോ. എബ്രഹാം മാമ്മന്‍, ഡോ. റോഷന്‍ സ്‌നേഹിത്, ഡോ. ബിനേഷ് എന്നിവര്‍ ആയിരുന്നു ശില്പശാലയുടെ തദ്ദേശീയ ഫാക്കല്‍റ്റിയും വിജയത്തിന് പിന്നിലെ കരുത്തും.