പ്രാരംഭ് പരിപാടിക്കായി മഹീന്ദ്ര ഫിനാന്‍സ് -മണിപ്പാല്‍ അക്കാദമി ഓഫ് ബിഎഫ്എസ്‌ഐ സഹകരണം

Posted on: March 4, 2024

കൊച്ചി : വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രത്യേകമായ ബിസിനസ് പരിശീലന പരിപാടിയായ പ്രാരംഭിനു വേണ്ടി രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസും ബാങ്കിങ്, ധനകാര്യ മേഖലകളിലെ തൊഴിലുകള്‍ക്കായി പരിശീലനവും നിയമനവും നടത്തുന്ന പ്രമുഖ സ്ഥാപനമായ മണിപ്പാല്‍ അക്കാദമി ഓഫ് ബിഎഫ്എസ്‌ഐയും സഹകരിക്കും.

ധനകാര്യ മേഖലയിലെ തൊഴിലുകള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും അതിനായുള്ള കഴിവുകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന രീതിയിലാവും വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രാരംഭ് പദ്ധതി നടപ്പാക്കുക. 30 ദിവസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ആയിരിക്കും ഇതില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി ലഭ്യമാക്കുക. ഇതിന്റെ ആദ്യ ബാച്ച് ഫെബ്രുവരി മാസത്തില്‍ ആരംഭിച്ചിരുന്നു. പത്താം ക്ലാസ് മുതല്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയിട്ടുള്ളതും ബിരുദമുള്ളവരുമായ 28 വയസിനു താഴെയുള്ളവര്‍ക്ക് ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. അടുത്ത ബാച്ചിനായുള്ള തെരഞ്ഞെടുപ്പു പ്രക്രിയ 2024 ജൂണില്‍ ആരംഭിക്കും.