കുതിച്ചുയര്‍ന്ന് വൈദ്യുത വാഹനങ്ങളുടെയും സിഎന്‍ജി വാഹനങ്ങളുടെയും ആവശ്യക്കാര്‍ : കാര്‍സ്24

Posted on: January 13, 2024

കൊച്ചി : കാര്‍ വാങ്ങുന്നവര്‍ വൈദ്യുത വാഹനങ്ങള്‍ക്കു കൂടുതല്‍ പരിഗണന നല്‍കുന്നതായി കാര്‍സ് 24-ന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രീ ഓണ്‍ഡ് കാറുകള്‍ക്കുള്ള താല്‍പര്യവും വര്‍ധിക്കുന്നതു തുടരുകയാണ്. മുന്‍നിര ഓട്ടോ ടെക് കമ്പനിയായ കാര്‍സ് 24 പുറത്തിറക്കിയ മൈലേജ് റിപോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ മേധാവിത്തം നിലനിര്‍ത്തിയ കാര്‍സ് 24 വില്‍പനയില്‍ 42 ശതമാനം വളര്‍ച്ച കൈവരിച്ചതായും 2023-ലെ സുപ്രധാന പ്രവണതകള്‍ ഉള്‍പ്പെടുത്തിയുള്ള റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

താങ്ങാനാവുന്ന വിലയില്‍ പ്രീമിയം കാറുകള്‍ ലഭ്യമാകുന്നത് ഉപയോഗിച്ച കാറുകളെ സ്മാര്‍ട്ട് ചോയിസാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം പുതു തലമുറയ്ക്ക് പുതിയ കാറുകള്‍ വാങ്ങുക മാത്രമല്ല നവീകരിക്കുകയും ചെയ്തു പുതിയ തരംഗം സൃഷ്ടിക്കാനായി. കാര്‍സ് 24 ഡാറ്റ അനുസരിച്ച്, 2023-ല്‍ പുതിയ കാറുകളുടെയും യൂസ്ഡ് കാറുകളുടെയും അനുപാതം 1:1.5 ആയിരുന്നു – അതായത് പത്ത് പുതിയ കാറുകള്‍ വിറ്റതിന്, പതിനഞ്ച് ഉപയോഗിച്ച കാറുകള്‍ വിപണിയിലെത്തി. പുതു തലമുറ പ്രീമിയം യൂസ്ഡ് കാറുകളുടെ ഈ വരവ് നിരവധി ഇന്ത്യക്കാരുടെ കാര്‍ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചു.

എസ്യുവികളുടെ വില്പ്പന കുതിച്ചുയര്‍ന്നതും പോയ വര്‍ഷത്തെ മറ്റൊരു പ്രത്യേകതയായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആളുകള്‍ കുടുംബമായുള്ള യാത്രകള്‍ക്ക് കൂടുതല്‍ വിശാലമായുള്ള വാഹനങ്ങള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയതും സാഹസികര്‍ അവരുടെ ഓഫ്-റോഡ് യാത്രയ്ക്കായി എസ്യുവികളെ തിരഞ്ഞെടുക്കാന്‍ തുടങ്ങിയതും അവയുടെ വില്പന വര്‍ധിപ്പിച്ചു.

ഇന്നത്തെ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി യോജിപ്പിക്കുന്ന മുന്‍നിര ഫീച്ചറുകള്‍ക്കൊപ്പം, വ്യത്യസ്ത വില പോയിന്റുകളില്‍ ലഭ്യമായ വിപുലീകരിച്ച ഓപ്ഷനുകളും ഈ വര്‍ദ്ധനവിന് കാരണമാകാം. എസ്യുവി കേന്ദ്രീകൃത പ്രവണത പുതിയ കാറുകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുകയും 2021 സാമ്പത്തിക വര്‍ഷം മുതല്‍ 4-6% വളര്‍ച്ചയോടെ യൂസ്ഡ് കാര്‍ വിപണിയില്‍ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നു. ബ്രെസ്സ, സോനെറ്റ്, ഇക്കോസ്പോര്‍ട്ട്, എക്സ്യുവി300, ടൈഗണ്‍, ടിയാഗോ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ വര്‍ഷം ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാഴുന്ന മികച്ച എസ്യുവികള്‍. നെക്സോണ്‍ ആണ് കൊച്ചിയിലെ കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുത്ത എസ്യുവി വാഹനം.

വൈദ്യുത വാഹനങ്ങള്‍ അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ അഞ്ചു മടങ്ങു വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിഎന്‍ജി വില്പന 2.6 മടങ്ങു വര്‍ധിച്ചിട്ടുമുണ്ട്. മെട്രോ നഗരങ്ങളില്‍ ഡെല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. മെട്രോ ഇതര മേഖലകളില്‍ ലക്നൗ, ജയ്പൂര്‍, സൂറത്ത്, കൊച്ചി, പാറ്റ്‌ന എന്നിവിടങ്ങളാണ് മുന്നില്‍.

 

TAGS: Cars24 |