അംഗവിച്ഛേദം ഒഴിവാക്കാന്‍ സേവ് യുവര്‍ ലിമ്പ് ക്യാമ്പയിനുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി

Posted on: November 11, 2023

കൊച്ചി : പ്രമേഹവും മറ്റു രോഗങ്ങളും മൂലം അംഗവിച്ഛേദം നടത്തേണ്ട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി സേവ് യുവര്‍ ലിമ്പ് ക്യാമ്പയിനുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. ക്യാമ്പയിന്റെ ഭാഗമായി പാദരോഗങ്ങള്‍ക്കുള്ള സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പൊഡിയാട്രി ഡയഗ്‌നോസ്റ്റിക് ലാബും ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

പാദ രോഗങ്ങളെ തുടര്‍ന്ന് അംഗവിച്ഛേദം ചെയ്യുന്ന കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സേവ് യുവര്‍ ലിംബ് ക്യാമ്പയിന്‍ നടപ്പാക്കുന്നത്. പ്രമേഹ രോഗികളില്‍ ഉള്‍പ്പെടെ കൈകാലുകള്‍ നഷ്ടപ്പെടുന്നത് തടയാനുള്ള മാര്‍ഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഇതിനായി നേരത്തെ മുതല്‍ നടത്തേണ്ട ഇടപെടലുകള്‍, വിവിധ വിഭാഗങ്ങളുമായി ചേര്‍ന്ന് നടത്തുന്ന ചികിത്സയുടെ പ്രാധാന്യം തുടങ്ങിയവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക, രോഗിക്ക് കൃത്യമായ പരിജ്ഞാനം നല്‍കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് ലക്ഷത്തിലധികം പേരാണ് ഇന്ത്യയില്‍ അംഗവിച്ഛേദം ചെയ്ത നിലയില്‍ ജീവിക്കുന്നത്. പ്രതിവര്‍ഷം 25,000 മുതല്‍ 35,000 വരെ ആളുകളില്‍ അംഗവിച്ഛേദം നടത്തേണ്ടി വരുന്നുണ്ട്. ഇതില്‍ 60 ശതമാനത്തിലധികവും പ്രമേഹം മൂലമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അപകടങ്ങളെ തുടര്‍ന്നും കാന്‍സര്‍ മുഴകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടും അവയങ്ങള്‍ നഷ്ടമായതും നിരവധി പേര്‍ക്കാണ്. 25 മുതല്‍ 30 ശതമാനം വരെ പ്രമേഹ രോഗികളും കാല്‍പാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം കൃത്യമായ ചികിത്സകള്‍ തേടാത്തതിനാല്‍ 20 ശതമാനം പേരിലും അംഗവിച്ഛേദം നടത്തേണ്ടി വന്നേക്കാമെന്നും ആസ്റ്റര്‍ മെഡ്സിറ്റിയിലെ എന്‍ഡോക്രൈനോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആര്‍. വി ജയകുമാര്‍ പറഞ്ഞു.

ഇത്തരം കണക്കുകളുടെ പശ്ചാത്തലത്തില്‍ അംഗവിച്ഛേദനത്തിനുള്ള മൂലകാരണങ്ങള്‍ പരിഹരിക്കുന്നതിനും കൈകാലുകള്‍ സംരക്ഷിക്കുന്നതിനുമായി ആസ്റ്റര്‍ മെഡ്‌സിറ്റി നടത്തുന്നത് വലിയ പ്രവര്‍ത്തനങ്ങളാണെന്നും, പൊഡിയാട്രിക് ലാബില്‍ എന്‍ഡോക്രൈനോളജി സേവനങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വഴി പ്രമേഹവും അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്നും എന്‍ഡോക്രൈനോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. വി.പി വിപിന്‍ പറഞ്ഞു.

വാസ്‌കുലാര്‍, ന്യൂറോളജിക്കല്‍, ഫുട്ട് പ്രഷര്‍ മെഷര്‍മെന്റ്‌സ് ആന്‍ഡ് അനാലിസിസ് ഉള്‍പ്പെടെയുള്ള ഏറ്റവും നൂതനമായ പാദ പരിശോധനകളാണ് ആസ്റ്റര്‍ മെഡ്സിറ്റിയിലെ പൊഡിയാട്രി ലാബില്‍ ഒരുക്കിയിട്ടുള്ളത്. രോഗ തീവ്രതയെ അടിസ്ഥാനമാക്കി ഔട്ട്‌പേഷ്യന്റ്, ഇന്‍പേഷ്യന്റ് ചികിത്സാ സൗകര്യങ്ങളോടെയാണ് ലാബ് പ്രവര്‍ത്തിക്കുന്നത്. പൊഡിയാട്രി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം വിദഗ്ധര്‍ മറ്റ് വിഭാഗങ്ങളിലെ വിദഗ്ധരുമായി ഏകോപിച്ചാണ് പരിശോധനയും ചികിത്സയും നല്‍കുന്നത്. അവയവങ്ങള്‍ മുറിച്ചുമാറ്റാതെ സംരക്ഷിക്കുന്നതിന് പുറമേ സുരക്ഷിതമായ കീഹോള്‍ ഡേ കെയര്‍ പ്രക്രിയകള്‍, ഹോം കെയര്‍ സേവനങ്ങള്‍, പാദങ്ങളിലെ അണുബാധയ്ക്കും അള്‍സറിനും ആധുനിക ചികിത്സാ സംവിധാനങ്ങള്‍ തുടങ്ങിയ സേവനങ്ങളും പൊഡിയാട്രി ലാബില്‍ ലഭ്യമാണ്.

കൃത്യമായ ഇടവേളകളില്‍ ക്ലിനിക്കുകളിലെത്തി പരിശോധന നടത്തുന്നതും പെട്ടെന്ന് ചികിത്സ ആരംഭിക്കുന്നതും വലിയതോതില്‍ ഗുണം ചെയ്യുമെന്നും പാദങ്ങളില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയുമെന്നും പൊഡിയാട്രി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. വി അനന്തകൃഷ്ണ ഭട്ട് വ്യക്തമാക്കി.

രോഗനിര്‍ണയം നടത്തി നേരത്തെ തന്നെ ആന്‍ജിയോപ്ലാസ്റ്റി നടത്തുന്നത് അവയവ നഷ്ടം ഒഴിവാക്കുന്നതിന് സഹായിക്കുമെന്നും ഇതുവഴി രോഗിയുടെ ജീവിത നിലവാരം ഉയര്‍ത്താനും ചലന ശേഷി സുഖമാക്കാനും കഴിയുമെന്നും ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം കണ്‍സള്‍ട്ടന്റും എമ്പോളൈസേഷന്‍ സ്‌പെഷലിസ്റ്റുമായ ഡോ. രോഹിത് പി.വി. നായര്‍ കൂട്ടിച്ചേര്‍ത്തു.

എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പ്ലാസ്റ്റിക് സര്‍ജറി & പൊഡിയാട്രി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. വി. അനന്തകൃഷ്ണ ഭട്ട്, എന്‍ഡോക്രൈനോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആര്‍. വി ജയകുമാര്‍, കണ്‍സള്‍ട്ടന്റ്- എന്‍ഡോക്രൈനോളജി ഡോ. വി.പി വിപിന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.