ഡോ. ഇളങ്കോവന്റെ പുസ്തകം പ്രകാശനം ചെയ്തു

Posted on: August 27, 2021

തിരുവനന്തപുരം : ആശുപത്രികളില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും ആക്രമിക്കുന്ന സംഭവങ്ങളില്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍. വ്യവസായ-നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ ഐ എ എസ് രചിച്ച ‘ക്രിയേറ്റിങ് വാല്യു ഇന്‍ ഹെല്‍ത്ത് കെയര്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നിരവധി ആളുകള്‍ വരുന്ന സ്ഥലമാണ് ആശുപത്രികള്‍. ഇവിടെ ശരിയായ രീതിയിലുള്ള സുരക്ഷാ സംവിധാനം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമുക്തഭടന്‍മാരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്താന്‍ കഴിയുമോയെന്ന് പരിശോധിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ വികസന സമിതികള്‍ വഴി പുതുതായി നിയമിക്കുന്ന സുരക്ഷാജീവനക്കാര്‍ വിമുക്ത ഭടന്‍മാരായിരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ളവരെ പിരിച്ചുവിടുമെന്ന് ഇതിനര്‍ഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലെ സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍ ഏറ്റവുമടുത്തുള്ള പോലീസ് എയിഡ് പോസ്റ്റിലേക്ക് കൂടി നല്‍കിയാല്‍ മേല്‍നടപടികള്‍ പെട്ടന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വികസിത രാജ്യങ്ങള്‍ പോലും കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ വലിയ തോതില്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ കേരളം പിടിച്ചു നിന്നത് ആരോഗ്യമേഖലയിലെ ജനകീയ ബദല്‍ കൊണ്ടാണ്. അത്തരം കാര്യങ്ങളെപ്പറ്റി ഗഹനമായി പ്രതിപാദിക്കുന്ന ഈ പുസ്തകം ആരോഗ്യമേഖലയുടെ അടുത്തഘട്ടത്തില്‍ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രി മാനേജ്മന്റ്, ചികിത്സാരീതിയിലെ പരിഷ്‌കരണങ്ങള്‍, നയരൂപീകരണം തുടങ്ങിയവയെക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്നതാണ് ഡോ. കെ ഇളങ്കോവന്‍ എഴുതിയ പുസ്തകം. ഭരണനിര്‍വഹണത്തിന്റെ വലിയ തിരക്കുകള്‍ക്കിടയിലും താന്‍ സ്വായത്തമാക്കിയ അറിവുകള്‍ സാമൂഹ്യനന്‍മയ്ക്കും പുരോഗതിയ്ക്കുമായി ഉപയോഗിക്കുന്നതിനാണ് ഡോ. ഇളങ്കോവന്‍ തയ്യാറായിരിക്കുന്നത്. ഇത് ഒരു മാതൃകയാണെന്നും ആരോഗ്യരംഗത്തെ ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കും വാദഗതികള്‍ക്കും ഈ പുസ്തകം വഴി വയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശുപത്രികളിലെ ഭരണ നിര്‍വഹണം, ദൈനംദിന ഇടപെടല്‍ എന്നിവയ്ക്ക് വ്യക്തമായ രൂപരേഖ ഈ പുസ്തകം നല്‍കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ വിശദമായ ചര്‍ച്ച നടത്തുകയും ആവശ്യമായവ ഉള്‍ക്കൊണ്ട് സ്വയം നവീകരിക്കുകയും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വ്യാപനത്തിന്റെ നിരക്ക് പൊതു ആരോഗ്യസംവിധാനത്തിന് താങ്ങാന്‍ കഴിയുന്നതിലും താഴെ നിറുത്തുക, രോഗികളെ ഐസിയുവിലേക്കെത്താതെ നോക്കുക എന്നീ രണ്ട് വെല്ലുവിളികളും കേരളം ഫലപ്രദമായി നേരിട്ടുവെന്ന് ചടങ്ങില്‍ പങ്കെടുത്ത വ്യവസായമന്ത്രി ശ്രീ പി രാജീവ് പറഞ്ഞു. കേരളത്തിലെ ആരോഗ്യപരിപാലന സംവിധാനത്തിന്റെ മികവാണിത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അതു വഴി മൂല്യാധിഷ്ഠിതമായ ചികിത്സാരീതികള്‍ അവലംബിക്കാനുമുള്ള നിര്‍ദ്ദേശങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അസ്ഥിരോഗ ശസ്ത്രക്രിയയില്‍ മാസ്റ്റര്‍ ബിരുദധാരി കൂടിയായ ഡോ. ഇളങ്കോവന്‍ പറഞ്ഞു. മദ്രാസ് ഐഐടിയില്‍ നിന്നും ജനസംഖ്യാ പഠന വിഷയത്തില്‍ പിഎച്ഡി കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് ഡോ. ഇളങ്കോവന്‍. ദേശീയാരോഗ്യ ദൗത്യം മിഷന്‍ ഡയറക്ടര്‍, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നോഷന്‍ പ്രസ്, ആമസോണ്‍ എന്നിവയിലൂടെ ഈ പുസ്തകം ലഭ്യമാണ്. നീതി ആയോഗ് സിഇഒ ശ്രീ അമിതാഭ് കാന്ത് ഐഎഎസാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്.

പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് പ്രൊഫ. ശ്രീനാഥ് റെഡ്ഡി പുസ്തകത്തെക്കുറിച്ചുള്ള ആമുഖം നല്‍കി. കിംസ്‌ഹെല്‍ത്ത് കെയര്‍ സിഎംഡി ഡോ. എം ഐ സഹദുള്ള ആശംസയര്‍പ്പിച്ചു.

കൊവിഡ് പ്രതിസന്ധി മൂലം കഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ അവരുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളേക്കാള്‍ കൂടുതല്‍ രോഗികളെത്തിയ കാര്യം ഡോ. ഇളങ്കോവന്‍ ചൂണ്ടിക്കാട്ടി. മനുഷ്യവിഭവശേഷി പരിധിക്കപ്പുറം ഉപയോഗിക്കേണ്ടി വരികയും തകര്‍ച്ചയുടെ വക്കിലെത്തുകയും ചെയ്തു. ആരോഗ്യവ്യവസായങ്ങളും ആശുപത്രികളും തമ്മിലുള്ള വിതരണ ശൃംഖലയ്ക്ക് വിഘാതം വന്നു. ആശുപത്രിയ്ക്കാവശ്യമായ എല്ലാ കാര്യങ്ങളും ഏകീകൃത കേന്ദ്രത്തില്‍ നിന്നും വിതരണം ചെയ്യുന്നതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതിലെ അഭാവമാണ് ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തിന് തടസ്സമായിരിക്കുന്നത്. ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും നിരവധി ക്രിമിനല്‍ കേസുകള്‍ നേരിടേണ്ടി വന്നിരിക്കുകയാണ്. സാധാരണ കേസുകള്‍ പോലെ ഇവ കൈകാര്യം ചെയ്യപ്പെടുകയും അനവധി വര്‍ഷങ്ങള്‍ ഇതിന് പാഴാവുകയും ചെയ്യുന്നു. ഇത് ഡോക്ടര്‍-രോഗി ബന്ധത്തെ സ്വാധീനിക്കുകയും നിരവധി ക്രിയാത്മകമായ ഇടപെടലുകള്‍ ആശുപത്രികള്‍ നടത്തുകയും ചെയ്തു. ആശുപത്രിച്ചെലവ് ഭീമമായി കൂട്ടുന്ന അനാവശ്യ പരിശോധനകള്‍ ഒഴിവാക്കി പഴയ ചികിത്സാരീതിയിലേക്ക് ഡോക്ടര്‍മാര്‍ മാറിയിട്ടുണ്ട്.

ചികിത്സാ രീതികള്‍, സഹാനുഭൂതി, തുടങ്ങിയ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ മരുന്നുകള്‍ നിര്‍ണയിക്കുന്നത്. അതിനാല്‍ ഡോക്ടറുടെയും രോഗിയുടെയും വീക്ഷണം അതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് പ്രൈവറ്റ് ലാബുകളിലേക്കയക്കുന്നതും മരുന്നുകള്‍ക്ക് മെഡിക്കല്‍ ഷോപ്പിലേക്ക് കുറിപ്പടികള്‍ നല്‍കുന്നതും പാവപ്പെട്ടവര്‍ക്ക് സാമ്പത്തികബാധ്യത ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മരുന്നുകളുടെ ജനറിക് പേരുകള്‍ നല്‍കാനുള്ള മടി മൂലം കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങേണ്ടതായി വരുന്നു.

ആന്റിബയോടിക്കുകളുടെ അനാവശ്യ ഉപയോഗം, ബ്രാന്‍ഡഡ് മരുന്നുകളുടെ ഉപയോഗം എന്നിവ ചികിത്സാച്ചെലവ് വര്‍ധിപ്പിക്കുന്നു. സ്വകാര്യ ആശുപത്രികളിലെ അനിയന്ത്രതമായ ചികിത്സാച്ചെലവ് പാവങ്ങള്‍ക്ക് താങ്ങാവുന്നതല്ല. മെച്ചപ്പെട്ട ആരോഗ്യ രംഗത്തെക്കുറിച്ച് വസ്തുനിഷ്ഠമായ ചര്‍ച്ചയും വാദപ്രതിവാദങ്ങളും ലോകമെമ്പാടും നടക്കണമെന്നും ഡോ. ഇളങ്കോവന്‍ ചൂണ്ടിക്കാട്ടി.