ദീപാവലി ആഘോഷം ലോക ക്ഷേമത്തിനായുളള പ്രാര്‍ത്ഥന സംഗമമാക്കി ഹിന്ദുജ കുടുംബം

Posted on: November 18, 2020

 

കൊച്ചി : കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ലണ്ടനിലെ ഹിന്ദുജ കുടുംബം ഈ വര്‍ഷത്തെ ദീപാവലി ആഘോഷം വെര്‍ച്ച്വല്‍ പ്രാര്‍ത്ഥനാ സംഗമമാക്കി മാറ്റി. പരമ്പരാഗത ദീപാവലി ദീപം തെളിയിച്ചുകൊണ്ട് ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. എഡ്വേര്‍ഡ് രാജകുമാരന്‍ സന്ദേശം നല്‍കി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍, വിദേശകാര്യ മന്ത്രി താരിഖ് അഹമദ്, ഫെയ്ത്ത് മിനിസ്റ്റര്‍ ലോര്‍ഡ് ഗ്രീന്‍ഹാല്‍ഹ്, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഇന്ത്യയുടെ ഉപരാഷ്ട്രപതി, മഹാരാഷ്ട്ര ഗവര്‍ണര്‍, യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ തുടങ്ങിയവര്‍ ഹിന്ദുജ കുടുംബത്തിന് പ്രത്യേക ആശംസാ സന്ദേശങ്ങള്‍ അയച്ചു. കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ഉള്‍പ്പടെ വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഓണ്‍ലൈനായി പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയിലെ സമകാലിക സംഗീതജ്ഞരായ കൈലാഷ് ഖേര്‍, സോനു നിഗം, രാഹത് ഫത്തേ അലി ഖാന്‍ തുടങ്ങിയവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രത്യേകം തയ്യാറാക്കിയ പ്രാര്‍ത്ഥനാ ഗാനങ്ങള്‍ തല്‍സമയം ആലപിച്ചു.

ഹിന്ദുജ കുടുംബം 1980 മുതല്‍ ലണ്ടനില്‍ മുടങ്ങാതെ ദീപാവലി ആഘോഷിച്ചുവരുന്നുണ്ട്. അത് ലണ്ടന്‍ സമൂഹത്തിന്റെ ഭാഗവുമായി തീര്‍ന്നിട്ടുമുണ്ട്. ഇതിന്റെ ഭാഗമായി ടൈംസ് സ്‌ക്വയര്‍ എല്ലാ വര്‍ഷവും ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കാറുണ്ട്. ഈ വര്‍ഷം ലോക്ക്ഡൗണിനിടയില്‍ പതിവു ആഘോഷം സാധിക്കില്ലെന്ന് മനസിലാക്കിയാണ് ഹിന്ദുജ കുടുംബം നൂതനമായ മാര്‍ഗം തെരഞ്ഞെടുത്തത്.

ഈ കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ മുഴുവന്‍ ക്ഷേമത്തിനായി പ്രാര്‍ത്ഥിയ്ക്കാനായാണ് ദീപാവലി ആഘോഷം ഒരു പ്രാര്‍ത്ഥന സംഗമമാക്കി മാറ്റിയതെന്ന് ഹിന്ദുജ ഗ്രൂപ്പ് കോ-ചെയര്‍മാന്‍, ജി.പി ഹിന്ദുജ പറഞ്ഞു.

 

TAGS: Hinduja Family |