എന്‍ കെ റേയ്‌സിംഗ് അക്കാദമിയുമായി ഉഷ സഹകരിക്കുന്നു

Posted on: October 31, 2020

ഡല്‍ഹി : അടുത്ത ഡിസമ്പര്‍, ജനുവരി മാസങ്ങളിലായി ബംഗളുരുവിലെ മെക്കോകാര്‍ട്ടോപിയയില്‍ നരേന്‍ കാര്‍ത്തികേയന്‍ (എന്‍.കെ.) അക്കാദമി സംഘടിപ്പിക്കുന്ന റോട്ടക്‌സ് മാക്‌സ് നാഷണല്‍ കാര്‍ട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഉഷ ഇന്റര്‍നാഷണല്‍ സഹ സ്‌പോണ്‍സറായിരിക്കും. മോട്ടോര്‍ റാലിമേഖലയില്‍ പുതിയ വാഗ്ദാനങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നരേന്‍ കാര്‍ത്തികേയന്‍ ഈ മത്സരം
സംഘടിപ്പിക്കുന്നത്.

നാല് മത്സരങ്ങള്‍ വീതമുള്ള 5 റൗണ്ടുകളിലായാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. റോട്ടക്‌സ് ഇന്ത്യ ഒന്നും രണ്ടും റൗണ്ടുകള്‍ ഡിസമ്പര്‍ 4 മുതല്‍ 6 വരെയും റൌണ്ട് മൂന്നും നാലും ഡിസമ്പര്‍ 18 മുതല്‍ 20 വരെയും അഞ്ചാം റൗണ്ട് 2021 ജനുവരി 8 മുതല്‍ 10 വരെയുമാണ്.20 മത്സരങ്ങളിലായി രാജ്യത്തെ ഭാവി വാഗ്ദാനങ്ങളായ അന്‍പതിലേറെ മത്സരാര്‍ഥികളണിനിരക്കും.

സ്പോണ്‍സര്‍ഷിപ്പ് ധാരണയനുസരിച് മത്സരാര്‍ത്ഥികളുടെ ടി-ഷര്‍ട്ട്, പിറ്റിലെ ബാക്‌ഡ്രോപ് ബോര്‍ഡ്, മത്സര കാറുകളുടെ മുന്‍ വശം എന്നിവിടങ്ങളില്‍ ഉഷയുടെ ബാന്‍ഡിംഗ് ഉണ്ടായിരിക്കും. പവലിയനില്‍ ഉഷയുടെ ഫാനുകളും എയര്‍കൂളറുകളും സ്ഥാപിക്കും. നരേന്‍ കാര്‍ത്തികേയന്‍ അക്കാദമിയില്‍ ഉഷയുടെ വിവിധ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ്. ജനങ്ങളെ സ്‌പോര്‍ട്‌സിനോട് അടുപ്പിക്കുക എന്നതാണ് നരേന്‍ കാര്‍ത്തികേയനുമായുള്ള ഉഷയുടെ കൂട്ടുകെട്ടിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് ഉഷ ഇന്റര്‍നാഷണല്‍ ഹെഡ്ഡ് (സ്‌പോര്‍ട്‌സ് ഇനീഷിയേറ്റീവ്‌സ് ആന്‍ഡ് അസ്സോസിയേഷന്‍സ്) കോമള്‍ മെഹ്റ പറഞ്ഞു. ക്രിയാത്മകവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രവര്‍ത്തിക്കവെ തന്നെ ഭാവിവാഗ്ദാനങ്ങളായ കായികതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ പങ്കാളിയാകാന്‍ കഴിയുന്നു എന്നതാണ് നരേന്‍ കാര്‍ത്തികേയന്‍
അക്കാദമിയുമായുള്ള സഹകരണത്തിന്റെ പ്രത്യേകത. സാധാരണഗതിയിലുള്ള സ്‌പോര്‍ട്‌സ് സ്‌പോണ്‍സര്‍ഷിപ്പിനുപരി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബന്ധമാണ് നരേന്‍ കാര്‍ത്തികേയന്‍
അക്കാദമിയുമായുള്ളതെന്ന് മെഹ്റ വിശദീകരിച്ചു.

ഉഷ ഇന്റര്‍നാഷണലുമായുള്ള തന്റെ ബന്ധം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയതാണെന്നും അവര്‍ എല്ലാ അര്‍ത്ഥത്തിലും ശരിയായ പങ്കാളികളാണെന്നും നരേന്‍ കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. സമ്പാദ്യത്തിന്റെ ഒരുഭാഗം ഇന്ത്യയിലെ കായിക മേഖലയുടെ വികസനത്തിനായി നീക്കിവെക്കുക എന്ന പൊതു ലക്ഷ്യമാണ് ഇരുവരെയും നയിക്കുന്നത്. ഇത് നമ്മളേവരേയും സംബന്ധിച്ചേടത്തോളം ആഹ്ലാദകരമായ
യാത്രയായിരിക്കുമെന്ന് നരേന്‍ കാര്‍ത്തികേയന്‍ വ്യക്തമാക്കി. ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സ്, അള്‍ട്ടിമേറ്റ് ഫ്‌ലയിംഗ് ഡിസ്‌ക്, ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ്, ജൂനിയര്‍ ഗോള്‍ഫ് ട്രെയിനിംഗ് പ്രോഗ്രാം, അന്ധന്മാരുടെ കായിക ഇനങ്ങള്‍ ( അത്‌ലറ്റിക്‌സ്, കബഡി, ജൂഡോ,പവര്‍ലിഫ്റ്റിങ്), ഫുടബോള്‍ തുടങ്ങി കായിക മേഖലയില്‍ കാര്യമായ സാമ്പത്തിക സഹായം ഉഷ ഇന്റര്‍നാഷണല്‍ ചെയ്തുവരുന്നു.