ബിഎസ്എന്‍എല്ലിന്റെ എയര്‍ഫൈബര്‍, ഐപിടിവി സേവനങ്ങള്‍ കൊച്ചിയില്‍

Posted on: February 29, 2020

കൊച്ചി : ബിഎസ്എന്‍എല്ലിന്റെ ഭാരത് എയര്‍ഫൈബര്‍, ഐപിടിവി സേവനങ്ങള്‍ കൊച്ചിയില്‍ ആരംഭിച്ചു. കേബിളുകള്‍ ഇല്ലാതെ റേഡിയോ തരംഗങ്ങള്‍ ഇല്ലാതെ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതാണു ഭാരത് എയര്‍ഫൈബര്‍. ഫൈബര്‍ കേബിളുകളിലൂടെ വോയ്‌സ്, ഡേറ്റ എന്നിവയ്‌ക്കൊപ്പം ടെലിവിഷന്‍ ചാനലുകളും ഐപിടിവി സേവനത്തിലൂടെ ലഭ്യമാകും.

ബിഎസ്എന്‍എല്‍ ഡയറക്ടര്‍ (ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ്) വിവേക് ബന്‍സാല്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി. ടി. മാത്യു, സിജിഎം സി. വി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

ഉയര്‍ന്ന സാങ്കേതിക വിദ്യയില്‍ മികച്ച സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാനാണു ലക്ഷ്യമിടുന്നതെന്ന് വിവേക് ബന്‍സാല്‍ പറഞ്ഞു. സിനിസോഫ്റ്റുമായി സഹകരിച്ചാണു കേരള സര്‍ക്കിളില്‍ ഐപി ടിവി സേവനം ലഭ്യമാക്കുന്നത്. കൊച്ചി മെട്രോ വിഹാര്‍ ഫ്‌ളാറ്റ്, അബാദ് പ്ലാസ ഹോട്ടല്‍ എന്നിവിടങ്ങളിലാണു കൊച്ചിയില്‍ ആദ്യഘട്ടത്തില്‍ കണക്ഷനുകള്‍ നല്‍കിയത്.

499 രൂപയാണ് (നികുതി പുറമെ) എയര്‍ഫൈബര്‍ പാക്കേജിലെ കുറഞ്ഞ നിരക്ക്. ആഡ്ഓണ്‍ പാക്കേജായ ഐപിടിവി സേവനങ്ങള്‍ക്ക് ട്രായ് അംഗീകൃത നിരക്കിലാണ് ഈടാക്കുക. ഫ്രീ ചാനലുകളുടെ പാക്കേജ് 130 രൂപ മുതല്‍ ലഭിക്കും.

TAGS: BSNL |