അവര്‍ അറിഞ്ഞതും അനുഭവിച്ചതും – പുസ്തകം പ്രകാശനം ചെയ്തു

Posted on: February 16, 2019

കൊച്ചി : കൃതി പുസ്തകമേളയില്‍ വച്ച് അവള്‍ അറിഞ്ഞതും അനുഭവിച്ചതും എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. സിനിമ -സീരയല്‍ താരവും നര്‍ത്തകിയുമായ ദേവി ചന്ദന പ്രശസ്ത നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് നല്കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. മംഗളം സീനിയര്‍ സബ് എഡിറ്ററായ രമേഷ് പുതിയമഠമാണ് പുസ്തകം തയ്യാറാക്കിയത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തരായ മുപ്പത്തിരണ്ട് സ്ത്രീകള്‍ അവര്‍ അറിഞ്ഞതും അനുഭവിച്ചതുമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ പുസ്തകമാണിത്. സിനിമതാരം കോട്ടയം നസീര്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു.

പുസ്തകം പ്രകാശനം ചെയ്യാനായതില്‍ സന്തോഷിക്കുന്നുവെന്നും എല്ലായ്‌പ്പോഴും സ്ത്രീകളെക്കുറിച്ച് എഴുന്നത് പുരുഷന്മാരാണെന്നും ദേവി ചന്ദന പറഞ്ഞു. സ്ത്രീസമത്വത്തെക്കുറിച്ച് വിവാദങ്ങള്‍ നിറഞ്ഞു നില്ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പുസ്തകം പ്രകാശനം ചെയ്തതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അഭിമുഖങ്ങള്‍ എടുക്കുമ്പോള്‍ ഒരു സംഭവം അരമണിക്കൂറോ അതില്‍ കൂടുതലോ അവര്‍ പറയുമായിരുന്നു. അത് ചുരുക്കി ഒരു പേജിലേക്ക് എഴുതുക എന്നത് വളരെ വിഷമകരമായ സംഗതിയായിരുന്നുവെന്ന് രമേഷ് പുതിയമഠം പറഞ്ഞു.

കോട്ടയം നസീര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പുതിയ മഠം, അനില്‍ വേഗ എന്നിവര്‍ പ്രസംഗിച്ചു. ഡോണ്‍ ബുക്ക്‌സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകമേളയില്‍ ഇപ്പോഴും ഇത്രയധികം ആളുകള്‍ എത്തുന്നത് വലിയ കാര്യമാണെന്ന് കോട്ടയം നസീര്‍ പറഞ്ഞു. പുസ്തകപ്രകാശനത്തിന് ശേഷം കോട്ടയം നസീര്‍ സംവിധാനം ചെയ്ത കുട്ടിച്ചന്‍ എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവും നടന്നു.