മെഡ്സ്റ്റാർ ഡേ സർജറി സെന്റർ ദുബായിൽ പ്രവർത്തനമാരംഭിച്ചു

Posted on: January 21, 2016

Medstar-Day-Surgery-Centre-

ദുബായ് : യുഎഇയിലെ ഏറ്റവും വലിയ ഡേ സർജറി സെന്റർ – മെഡ്‌സ്റ്റാർ ദുബായിൽ പ്രവർത്തനമാരംഭിച്ചു.ആധുനിക ചികിത്സാ സംവിധാനങ്ങളുടെയും മികച്ച ഡോക്ടർമാരുടെയും പിന്തുണയോടെ രോഗികൾക്ക് പൂർണ ശസ്ത്രക്രിയ പരിപാലനം നൽകി അതേ ദിവസം തന്നെ ഡിസ്ചാർജ് ചെയ്യുന്നതാണ് മെഡ്സ്റ്റാറിന്റെ പ്രത്യേകത. ഹെൽത്ത്‌കെയർ സിറ്റിക്ക് സമീപം 20,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ആശുപത്രി നിർമ്മിച്ചിട്ടുള്ളത്.

ദുബായിയുടെ ഹെൽത്ത് ടൂറിസം രംഗത്തിന് ഉണർവേകാൻ മെഡ്സ്റ്റാറിന് കഴിയുമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. സാജിദ് ബുറൂദ് പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ ഡേ സർജറി സെന്ററുകൾ തുറക്കും. ഇതിനായി 10 കോടി ഡോളർ മുതൽമുടക്കാൻ ഓഹരിയുടമകൾ തയാറാണെന്നും ഡോ. സാജിദ് പറഞ്ഞു.

രോഗികളുടെ ചെലവും സമയവും ലാഭിക്കുന്നതോടൊപ്പം സാധ്യമായ ഏറ്റവും മികച്ച ചികിത്സ നൽകുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. തരുൺ ഭാഗ്ചന്ദാനി പറഞ്ഞു. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് മെഡ്സ്റ്റാർ ഡേ സർജറി സെന്ററിന്റെ പ്രവർത്തനം.