വണ്ടർലാ ഐ.പി.ഒ. പ്രോസ്‌പെക്ടസ് സമർപ്പിച്ചു

Posted on: June 1, 2013

ബുക്ക് ബിൽഡിങ് പ്രക്രിയയിലൂടെ പത്തു രൂപ മുഖവിലയുള്ള 14,500,000 ഓഹരികളുടെ ഐ.പി.ഒ. നടത്തുന്നതിനായി വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ്, സെക്യൂരിറ്റീസ് ആന്റ് എക്‌സചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ മുൻപാകെ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ടസ് സമർപ്പിച്ചു. ഇഷ്യൂവിനു ശേഷമുള്ള ആകെ ഓഹരികളുടെ 25.66 ശതമാനം വരുന്ന ഓഹരികളാണ് ഐ.പി.ഒ. വഴി സമാഹരിക്കുന്നത്. ഈ ഓഹരികൾ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റു ചെയ്യും. എഡെൽവീസ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസുമാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർമാർ.

വണ്ടർലാ എന്ന ബ്രാൻഡിൽ കൊച്ചിയിലും ബാംഗ്ലൂരിലും രണ്ട് അമ്യൂസ്‌മെന്റ് പാർക്കുകളാണ് കമ്പനിക്കുള്ളത്. ബാംഗ്ലൂരിൽ വണ്ടർലാ റിസോർട്ട് എന്ന പേരിൽ റിസോർട്ടും കമ്പനിക്കുണ്ട്. ഹൈദരാബാദിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മൂന്നാമത്തെ അമ്യൂസ്‌മെന്റ് പാർക്കിനു വേണ്ടിയാവും ഇഷ്യൂ വഴി സമാഹരിക്കുന്ന തുക പ്രാഥമികമായി ഉപയോഗിക്കുക. കമ്പനിയുടെ ആകെ വരുമാനം 2009-ലെ 633.08 ദശലക്ഷം രൂപയിൽ നിന്ന് 1,145.23 ദശലക്ഷം രൂപയായി 2012-ൽ ഉയർന്നു. നികുതിക്കു ശേഷമുള്ള അറ്റാദായം ഇക്കാലയളവിൽ 39.65 ശതമാനം നിരക്കിൽ വർധിച്ച് 300.40 ദശലക്ഷം രൂപയായി.

പൂർണമായും ബുക്ക് ബിൽഡിംഗ് പ്രക്രിയ വഴി നടത്തുന്ന ഈ ഇഷ്യുവിന്റെ 50 ശതമാനം ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ വിഭാഗത്തിനായി മാറ്റി വെക്കും. ഇതിൻ 30 ശതമാനം ആങ്കർ നിക്ഷേപകർക്ക് വിവേചനാടിസ്ഥാനത്തിലും ലഭ്യമാക്കാനാവും. ആങ്കർ നിക്ഷേപകർക്കു ശേഷമുള്ളതിന്റെ അഞ്ചു ശതമാനം മ്യൂച്ചൽ ഫണ്ടുകൾക്ക് മുൻഗണനാടിസ്ഥാനത്തിലും നൽകും. 15 ശതമാനത്തിൽ കുറയാത്ത രീതിയിൽ നോൺ ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകർക്കു നൽകും. 35 ശതമാനത്തിൽ കുറയാത്ത രീതിയിൽ സെബി നിർദ്ദേശങ്ങൾക്കനുസൃതമായി ചെറുകിട വ്യക്തിഗത നിക്ഷേപകർക്കും മാറ്റിവെക്കും.