മുത്തൂറ്റ് ഗ്രൂപ്പ് വിക്കിപേ യുഎസ്-ഇന്ത്യ പേമെന്റ് കോറിഡോർ തുടങ്ങുന്നു

Posted on: April 29, 2015

Muthoot-Group-big

കൊച്ചി : മുത്തൂറ്റ് ഗ്രൂപ്പ് യുഎസ്എയിലെ വിക്കി ടെക്‌നോളജീസുമായി ചേർന്ന് ഇന്ത്യയിൽ യുഎസ്-ഇന്ത്യ പേമെന്റ് കോറിഡോറായ വിക്കിപേ പ്ലാറ്റ്‌ഫോം തുടങ്ങുന്നു. ഇതിന്റെ ഭാഗമായി തുടക്കത്തിൽ മുത്തൂറ്റ് ഗ്രൂപ്പ് അവരുടെ 22,000 ജീവനക്കാർക്കും തുടർന്ന് ആറ് ദശലക്ഷം ഉപയോക്താക്കൾക്കുമായി വിക്കിപേ പ്ലാറ്റ്‌ഫോം വിപണനം ചെയ്യും.

വിക്കിപേ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് യുഎസിൽ കഴിയുന്നവർക്ക് അവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇന്ത്യയിലുള്ള ഏത് ബാങ്ക് അക്കൗണ്ടിലേയ്ക്കും ഇന്ത്യയിലെ എണ്ണായിരത്തിലധികം കാഷ് പിക്കപ്പ് കേന്ദ്രങ്ങളിലേയ്ക്കും പണമയയ്ക്കാം. വിക്കിടെക്‌നോളജീസ് സഹസ്ഥാപകനും പ്രസിഡന്റുമായ ടെഡ് ഡീഫ്യൂഡിസ്, മുത്തൂറ്റ് ഗ്രൂപ്പ് സിജിഎം കെ.ആർ. ബിജിമോൻ എന്നിവർ കൊച്ചിയിൽ നടന്ന ചടങ്ങിൽ പുതിയ പങ്കാളിത്തത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തി.

വിക്കി ടെക്‌നോളജീസുമായുള്ള പങ്കാളിത്തത്തിലൂടെ മുത്തൂറ്റ് ഗ്രൂപ്പിന് അമേരിക്കയിൽ സാന്നിധ്യമുറപ്പിക്കാൻ കഴിയും. മുത്തൂറ്റ് ഗ്രൂപ്പിന്റെ സംപൂർണ സബ്‌സിഡിയറിയായ റോയൽ എക്‌സ്‌ചേഞ്ച് യുഎസ്എയുടെ ഇന്റർനാഷണൽ മണി ട്രാൻസ്ഫർ ലൈസൻസ് ഉപയോഗിച്ചായിരിക്കും ഇന്ത്യയിൽ വിക്കി ടെക്‌നോളജീസ് ഇടപാടുകൾ നടത്തുക.

വിക്കിടെക്‌നോളജീസുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഗ്രൂപ്പ് സിജിഎം കെ. ആർ. ബിജിമോൻ പറഞ്ഞു. രണ്ടു സ്ഥാപനങ്ങൾക്കും ഗുണം ചെയ്യുന്നതും നിലവിൽ ഇന്ത്യയിലുള്ള ബിസിനസ് മെച്ചപ്പെടുത്തുന്നതിനും വിദേശത്തേയ്ക്ക് വ്യാപിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് ഈ പങ്കാളിത്തമെന്ന് അദ്ദേഹം പറഞ്ഞു.

ഫെഡറൽ ബാങ്ക് ഇന്റർനാഷണൽ ബാങ്കിംഗ് ഡിവിഷൻ എജിഎം ജോസ് സ്‌കറിയ ചടങ്ങിൽ ആശംസകൾ നേർന്നു. മുത്തൂറ്റിന്റെ സഹസ്ഥാപനമായ റോയൽ എക്‌സ്‌ചേഞ്ച് യുഎസ്എയുമായി ചേർന്ന് ഫെഡറൽ ബാങ്ക് കഴിഞ്ഞ കുറെ മാസങ്ങളായി വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും അമേരിക്കയിലുളള വിദേശ ഇന്ത്യക്കാർക്ക് പണം കൈമാറുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ യുഎസ്എയിൽ എല്ലായിടത്തും ലഭ്യമായ ഈ സൗകര്യം മികച്ച പ്രചാരം കൊടുക്കുന്നതിന് റോയൽ എക്‌സ്‌ചേഞ്ച് മുന്നോട്ടുവന്നതിൽ സന്തോഷമുണ്ട്. ഫെഡറൽ ബാങ്ക് ഉപയോക്താക്കൾക്ക് ഇപ്പോൾ റോയൽ എക്‌സ്‌ചേഞ്ച് വഴിയുള്ള ആദ്യത്തെ അഞ്ച് പണമിടപാടുകൾ സൗജന്യമാണ്. ഫെഡറൽ ബാങ്കിന്റെ കൂടുതൽ ഉപയോക്താക്കൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വിക്കിടെക്‌നോളജീസിന് വളരെ പ്രധാനപ്പെട്ട കാൽവയ്പാണ് ഈ കരാറെന്ന് വിക്കിടെക്‌നോളജീസ് സഹസ്ഥാപകനും പ്രസിഡന്റുമായ ടെഡ് ഡീഫ്യൂഡിസ് പറഞ്ഞു. മുത്തൂറ്റ് ഗ്രൂപ്പുമായുള്ള പങ്കാളിത്തം കൂടുതൽ ആത്മവിശ്വാസം നല്കുന്നതാണെന്നും ആരോഗ്യകരവും ലാഭംനേടിത്തരുന്നതുമായ ബന്ധം വർഷങ്ങളോളം തുടർന്നുകൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.