സ്വർണത്തിന്റെ ഡിമാൻഡിൽ 6 ശതമാനം വർധന

Posted on: February 14, 2015

Gold-Bangles-big

കൊച്ചി : ആഗോളതലത്തിൽ സ്വർണവിപണി 2014 ലെ നാലാം ക്വാർട്ടറിൽ 6 ശതമാനം വളർച്ച കൈവരിച്ചു. സ്വർണാഭരണങ്ങൾക്കു ഡിമാൻഡ് കൂടുകയും സെൻട്രൽ ബാങ്കുകൾ കൂടുതൽ സ്വർണം കരുതൽ നിക്ഷേപമായി വാങ്ങുകയും ചെയ്തു. എന്നാൽ, മുൻ വർഷത്തേക്കാൾ 2014ൽ വാർഷിക സ്വർണ ഡിമാൻഡ് നാലു ശതമാനം കുറവായിരുന്നു.

മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2014-ൽ ആകെ ഡിമാൻഡ് 4087.6 ടണ്ണിൽനിന്ന് 3924 ടണ്ണായി കുറഞ്ഞു. ആഭരണങ്ങൾക്കുള്ള ആഗോള സ്വർണ ഡിമാൻഡ് മുൻവർഷത്തേക്കാൾ പത്തുശതമാനം കുറഞ്ഞ് 2153 ടണ്ണിലെത്തി. എന്നാൽ, സെൻട്രൽ ബാങ്കുകൾക്കുള്ള ആവശ്യകത 409.3 ടണ്ണിൽനിന്ന് 477.2 ടണ്ണായി വർധിച്ചു.

നാലാം ക്വാർട്ടറിൽ സ്വർണ ഡിമാൻഡ് 987.5 ടൺ ആയി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 930 ടൺ ആയിരുന്നു ഡിമാൻഡ്. ആഭരണങ്ങൾക്കുള്ള ആവശ്യം ഒരു ശതമാനം വർധിച്ച് 575 ടണ്ണായി. നിക്ഷേപത്തിനായുള്ള സ്വർണത്തിന്റെ ഡിമാൻഡ് 180 ടണ്ണിൽനിന്ന് പത്തുശതമാനം വർധിച്ച് 198 ടണ്ണായി. എന്നാൽ സ്വർണബാറുകൾക്കും നാണയങ്ങൾക്കും 22 ശതമാനം ഡിമാൻഡ് കുറഞ്ഞു. സെൻട്രൽ ബാങ്കുകളുടെ സ്വർണം വാങ്ങൽ 40 ശതമാനം വർധിച്ച് 119.1 ടണ്ണായി. കഴിഞ്ഞ വർഷം 85 ടൺ മാത്രമായിരുന്നു സെൻട്രൽ ബാങ്കുകൾ വാങ്ങിയിരുന്നത്.

ഇന്ത്യയിൽ കഴിഞ്ഞ വർഷം സ്വർണാഭരണങ്ങൾക്കുള്ള ഡിമാൻഡ് എട്ടു ശതമാനം വർധിച്ച് 662 ടണ്ണിലെത്തി. 1995-നു ശേഷമുള്ള ഏറ്റവും മികച്ച ഡിമാൻഡാണിത്. ഇതേസമയം ചൈനയിൽ സ്വർണാഭരണങ്ങൾക്കുള്ള ഡിമാൻഡിൽ 33 ശതമാനം കുറവുണ്ടായി. സ്വർണാഭരങ്ങളുടെ കാര്യത്തിൽ യുകെയിൽ 18 ശതമാനവും അമേരിക്കയിൽ ഒൻപതു ശതമാനവും വർധനയുണ്ടായി.

TAGS: Gold Demand |