സ്വർണ്ണത്തിന് റെക്കോർഡ് ഡിമാൻഡ്

Posted on: August 12, 2016

Gold-Bars-Big

കൊച്ചി : നടപ്പു വർഷത്തിന്റെ ആദ്യ പകുതിയിൽ ആഗോള വിപണിയിൽ സ്വർണ്ണത്തിന് റെക്കോർഡ് ഡിമാൻഡ്. ഏറ്റവും ഉയർന്ന ഡിമാൻഡ് രേഖപ്പെടുത്തിയ 2009-നെ അപേക്ഷിച്ച് 16 ശതമാനം വളർച്ച രേഖപ്പെടുത്തി 2,335 ടണ്ണിലെത്തിയതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഗോൾഡ് ട്രെൻഡ്‌സ് ഡിമാൻഡ് റിപ്പോർട്ടിൽ വിലയിരുത്തി.

2016 ലെ രണ്ടാം ക്വാർട്ടറിൽ മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം കുതിപ്പ് സ്വർണ്ണത്തിനുള്ള ഡിമാൻഡിലുണ്ടായി. സ്വർണ്ണ നിക്ഷേപങ്ങളിലുള്ള ആഗോള താൽപര്യമാണ് ഈ വളർച്ചയ്ക്ക് പിന്നിൽ. ഈ ക്വാർട്ടറിൽ രാഷ്ടീയ, സാമ്പത്തിക കാരണങ്ങളാൽ നിക്ഷേപകർ താരതമ്യേന കൂടുതൽ സുരക്ഷിതമായ സ്വർണ നിക്ഷേപങ്ങളിൽ കൂടുതൽ ആശ്രയിച്ചതാണ് വിപണിക്ക് തുണയായത്. ഇടിഎഫുകളിലുള്ള നിക്ഷേപത്തിൽ വൻ വളർച്ചയാണ് രണ്ടാം ക്വാർട്ടർ രേഖപ്പെടുത്തിയത്-580 ടൺ. ബാറുകളിലും കോയിനുകളിലുമുള്ള നിക്ഷേപത്തിലും പല വിപണികളും വളർച്ച രേഖപ്പെടുത്തി.

നിക്ഷേപ ഡിമാൻഡിൽ വന്ന വളർച്ച യുഎസ് ഡോളറിലുള്ള സ്വർണ വിലയിൽ 25 % വർധനവുണ്ടാക്കി. 1980 ന് ശേഷമുള്ള ഏറ്റവും കരുത്തുള്ള ആദ്യ പകുതി വിപണി പ്രകടനമാണിത്. ആനുപാതികമായി ഉപയോക്താക്കളുടെ സ്വർണ ഇടപാടുകളിൽ കുറവുണ്ടാക്കുകയും ചെയ്തു ഇത്. യുഎസ്, ഇറാൻ വിപണികളിൽ സ്വർണവിൽപന ഉയർന്നപ്പോൾ ഇന്ത്യ, ചൈന വിപണികളിൽ ആഭരണ ഡിമാൻഡ് ഇടിവ് നേരിട്ടു. ഗ്രാമീണ മേഖലയിൽ നിന്നുള്ള വരുമാന വരൾച്ചയും എക്‌സൈസ് ഡ്യൂട്ടി വർധനവും ഇന്ത്യൻ ആഭരണ വിപണിക്ക് പ്രതികൂല ഘടകങ്ങളായി.