മൂന്നാം ക്വാർട്ടറിൽ സ്വർണ വിപണിക്ക് നേട്ടം

Posted on: November 15, 2015

Gold-Bars-big

കൊച്ചി : വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തിറക്കിയ ഗോൾഡ് ഡിമാൻഡ് ട്രെൻഡ്‌സ് റിപ്പോർട്ടനുസരിച്ച് ആഗോളതലത്തിൽ സ്വർണ വിപണി 2015 മൂന്നാം ക്വാർട്ടറിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8 ശതമാനം ഉയർന്നു. മൂന്നാം ക്വാർട്ടറിന്റെ ആദ്യ പകുതിയിൽ എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ട് (ഇടിഎഫ്) ഔട്ട് ഫ്‌ളോ ഉൾപ്പെടെ ഒന്നിലധികം കാരണങ്ങളാൽ സ്വർണ്ണത്തിന്റെ വില കുറയുകയും ഡിമാൻഡ് വർധനവുണ്ടാവുകയും ചെയ്തു. എന്നാൽ നിക്ഷേപ രീതിയിലുണ്ടായ മാറ്റങ്ങൾ ഇടിഎഫ് ഇൻഫ്‌ളോയിൽ വർധനവുണ്ടാക്കുകയും തൻമൂലം ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ സ്വർണവില ഉയരുകയും ചെയ്തു.

2014 മൂന്നാം ക്വാർട്ടറിനെ അപേക്ഷിച്ച് ആഗോളതലത്തിൽ നിക്ഷേപത്തിനായുള്ള സ്വർണത്തിന്റെ ആവശ്യം 181 ടണ്ണിൽ നിന്ന് 27 ശതമാനം വർധിച്ച് 230 ടണ്ണായി. യുഎസിൽ ബാറിനും നാണയത്തിനും 207 ശതമാനം ഡിമാൻഡ് വർധനവുണ്ടായി. യൂറോപ്പിൽ 35 ശതമാനവും ചൈനയിൽ 70 ശതമാനവും വർധന രേഖപ്പെടുത്തി. ഇന്ത്യയിലെ നിക്ഷേപ മേഖല 2014 ലെ മൂന്നാം ക്വാർട്ടറിന് ശേഷം ഇതാദ്യമായി 6 ശതമാനം വർധന രേഖപ്പെടുത്തി.

ആഗോളതലത്തിൽ സ്വർണ്ണാഭരണത്തിന്റെ ഡിമാൻഡ് 2014 മൂന്നാം ക്വാർട്ടറിനെ അപേക്ഷിച്ച് 594 ടണ്ണിൽ നിന്ന് 6 ശതമാനം വർധിച്ച് 632 ടണ്ണായി. ഇന്ത്യയിൽ 15 ശതമാനവും ചൈനയിൽ 4 ശതമാനവും വർധന ഉണ്ടായപ്പോൾ യുഎസിൽ 2 ശതമാനവും അറബ് രാജ്യങ്ങളിൽ 8 ശതമാനവും വർധന രേഖപ്പെടുത്തി. ആഘോഷവേളകൾ മുന്നിൽ കണ്ടു ഇന്ത്യൻ ഉപയോക്താക്കൾ സ്വർണം വാങ്ങിയതാണ് ഇന്ത്യയിൽ സ്വർണ്ണാഭരണത്തിന്റെ ആവശ്യം 15 ശതമാനം വർധിക്കാൻ കാരണമായത്.