ഗോള്‍ഡ് ഷീല്‍ഡ് അവതരിപ്പിച്ച് മുത്തൂറ്റ് ഫിനാന്‍സ്

Posted on: November 24, 2020

കൊച്ചി : സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാനായി മുത്തൂറ്റ് ഫിനാന്‍സ് മുന്‍നിര സ്വകാര്യ ജനറല്‍ ഇന്‍ഷൂറന്‍സ് സ്ഥാപനമായ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സുമായി സഹകരിച്ച് മുത്തൂറ്റ് ഗോള്‍ഡ് ഷീല്‍ഡ് അവതരിപ്പിച്ചു. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സിന്റെ ഗ്രൂപ് അഫിനിറ്റി റിസ്‌ക്ക് പോളിസിയുടെ പിന്തുണയോടെയാണിതു നടപ്പാക്കുന്നത്. സ്വര്‍ണ പണയ വായ്പകള്‍ ക്ലോസ് ചെയ്ത് ആഭരണങ്ങള്‍ നല്‍കുമ്പോഴാണ് ഉപഭോക്താക്കളുടെ ആഭരണങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കുക.

സമൂഹത്തിന് തിരികെ പിന്തുണ നല്‍കി സഹായിക്കുകയെന്ന ചിന്താഗതിയാണ് മുത്തൂറ്റ് ഫിനാന്‍സിന് എന്നുമുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും പിന്തുണ നല്‍കുകയും ചെയ്യുന്നതാണ് തങ്ങളുടെ ലോയല്‍റ്റി പദ്ധതിയുടെ ഭാഗമായുള്ള ഈ ഇന്‍ഷൂറന്‍സ് പരിരക്ഷ. ഭീതിയില്ലാതെ ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്തെ സംസ്‌ക്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് സ്വര്‍ണാഭരണങ്ങളെന്നും ജനങ്ങള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷ നല്‍കുന്ന സേവനങ്ങള്‍ നല്‍കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തപന്‍ സിംഗ്ഘല്‍ ചൂണ്ടിക്കാട്ടി. അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായാല്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക പരിരക്ഷ നല്‍കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Muthoot Finance |