നിക്ഷേപമൂല്യത്തിൽ 54 മടങ്ങ് വളർച്ചയുമായി മാസ്റ്റർഷെയർ

Posted on: October 19, 2014

UTI-Logo-B

നിക്ഷേപകർക്ക് എക്കാലവും മികച്ച റിട്ടേൺ ലഭ്യമാക്കിയതിന്റെ നേട്ടം യു ടി ഐ മാസ്റ്റർഷെയറിനു സ്വന്തം. ബെയറിഷ്, ബുള്ളിഷ് പ്രവണതകളിൽ വിപണി ചാഞ്ചാടുമ്പോഴും അനിശ്ചിതത്വം ആധിപത്യമുറപ്പിക്കുമ്പോഴും സ്ഥിര ഡിവിഡൻഡിനു പുറമേ ഇടയ്ക്കിടെ ബോണസും അവകാശ ഓഹരികളുമായി നിക്ഷേപകരെ വിസ്മയിപ്പിച്ച ചരിത്രമാണ് യു ടി ഐ മാസ്റ്റർഷെയറിന്റേത്.

1986 ഒക്ടോബറിൽ യു ടി ഐ മാസ്റ്റർഷെയറിലെ 10000 രൂപയുടെ നിക്ഷേപം അനുക്രമമായി വളർന്ന് ഇപ്പോൾ 5,45,581 രൂപയായിരിക്കുന്നു. 28 വർഷത്തിനുള്ളിൽ നിക്ഷേപകമൂല്യത്തിലുണ്ടായ വളർച്ച 54 മടങ്ങ്.

14.22% ആണ് ഈ ലാർജ് ക്യാപ്പ് ഫോക്കസ്ഡ് ഫണ്ടിനു ബെഞ്ച്മാർക്ക് റിട്ടേൺ ആയി കണക്കാക്കിയിരുന്നതെങ്കിൽ 15.64% യഥാർത്ഥ റിട്ടേൺ കൈവരിക്കാൻ സാധ്യമായി. മിക്ക നിക്ഷേപക പദ്ധതികളും ലാഭവിഹിതത്തിന്റെ കാര്യം വിസ്മരിച്ചുകളഞ്ഞ 2000-2004 ലെ ബെയറിഷ് കാലഘട്ടത്തിലും ഇക്വിറ്റി അധിഷ്ഠിത ഓപ്പൺ എൻഡ് പദ്ധതിയായ മാസ്റ്റർഷെയറിന്റെ നിക്ഷേപകർക്ക് ഡിവിഡൻഡ് ലഭിച്ചിരുന്നു.

2014 ജൂൺ 30 ലെ കണക്കു പ്രകാരം 2498 കോടി രൂപയാണ് 5.20 ലക്ഷം നിക്ഷേപക അക്കൗണ്ടുകളിലായി യു ടി ഐ മാസ്റ്റർഷെയറിലുള്ള മൊത്തം ആസ്തി. ശരാശരിക്കു മുകളിലുള്ള റിട്ടേൺ ഉറപ്പാക്കിക്കൊണ്ട് സുസ്ഥിരമായ ആസ്തി വർധന യാഥാർത്ഥ്യമാക്കാൻ തങ്ങൾക്കു സാധ്യമായിട്ടുണ്ടെന്ന് യു ടി ഐ എഎംസിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഫണ്ട് മാനേജറുമായ സ്വാതി കുൽക്കർണി പറഞ്ഞു.

പ്രത്യേക സെക്ടറുകളിലും സ്റ്റോക്കുകളിലും അമിതമായി ഊന്നൽ നൽകാതെ മികച്ച ഫലസാധ്യതയുള്ള ഓഹരികളിലും കടപ്പത്രങ്ങളിലും മറ്റും നിക്ഷേപം നടത്താൻ ആർജ്ജിച്ച അതുല്യമായ വൈദഗ്ധ്യവും ആർജ്ജവവുമാണ് യു ടി ഐ മാസ്റ്റർഷെയറിനെ വിജയപഥത്തിലെത്തിച്ച ഫണ്ട് മാനേജ്‌മെന്റ് തന്ത്രത്തിന്റെ ആണിക്കല്ലെന്ന് സ്വാതി കുൽക്കർണി ചൂണ്ടിക്കാട്ടി.

എച്ച് ഡി എഫ് സി ബാങ്ക്,ഇൻഫോസിസ്,റിലയൻസ് ഇൻഡസ്ട്രീസ്, ടി സി എസ്, ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബി പി സി എൽ, സൺ ഓഹരികളിലുള്ള നിക്ഷേപം 42 ശതമാനമായി നിലനിർത്തി മികച്ച ഫലം കൊയ്യാൻ സാധ്യമായത് പോർട്ട്‌ഫോളിയോ വൈവിധ്യത്തിൽ സൂക്ഷ്മശ്രദ്ധ ചെലുത്തിയുള്ള കിടയറ്റ ഫണ്ട് മാനേജ്‌മെന്റ് തന്ത്രത്തിന്റെ പിൻബലത്തോടെയാണ്-അവർ പറഞ്ഞു.

TAGS: UTI Mastershare |