യുടിഐ കാൻസെർവിന് തുടക്കമായി

Posted on: September 2, 2015

UTI-CANSERV-big

കൊച്ചി : യുടിഐയുടെ ബാലൻസ്ഡ് ഫണ്ട്, സ്‌പ്രെഡ് ഫണ്ട്, മാസ്റ്റർഷെയർ എന്നിവയുടെ നിക്ഷേപകർക്ക് തങ്ങൾക്കു ലഭിക്കുന്ന ഡിവിഡന്റോ മറ്റു നിശ്ചിത തുകയോ കാൻസർ രോഗികളുടെ ചികിത്സയ്ക്കായി സംഭാവന നൽകാൻ വഴിയൊരുക്കുന്ന കാൻസെർവ് പദ്ധതിക്കു തുടക്കമായി. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ കാൻസർ ചികിത്സയ്ക്കായാവും ഈ തുക വിനിയോഗിക്കുക. ഇതിനായി യുടിഐ മ്യൂച്ചൽ ഫണ്ടും സെന്റ് ജൂഡ് ഇന്ത്യാ ചൈൽഡ് കെയർ സെന്ററുമായി ധാരണയിലെത്തിയിട്ടുണ്ട്.

കുറഞ്ഞത് ആയിരം രൂപ എന്ന നിലയ്ക്ക് ഡിവിഡന്റിന്റെ 50 ശതമാനമോ നൂറു ശതമാനമോ ഇങ്ങനെ സംഭാവന നൽകാനാവും. ഡിവിഡന്റ് പദ്ധതിയിലല്ലാതെ ഗ്രോത്ത് പദ്ധതിയിൽ ചേർന്നിട്ടുള്ള നിക്ഷേപകർക്ക് ഓരോ അർധ വർഷത്തിലും യൂണിറ്റുകൾ വിൽപ്പന നടത്തി കുറഞ്ഞത് ആയിരം രൂപ എന്ന നിലയിൽ നിശ്ചിത തുക സംഭാവന ചെയ്യാനുമാകും. പുതിയ ഈ നീക്കത്തിലൂടെ കാൻസർ ചികിൽസ തേടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വലിയ പിന്തുണ നൽകാനാവുമെന്ന് യുടിഐ മ്യൂച്ചൽ ഫണ്ട് മാനേജിംഗ് ഡയറക്ടർ ലിയോ പുരി ചൂണ്ടിക്കാട്ടി.