അവധിവിപണി തിരിച്ചുവരവിന്റെ പാതയിൽ

Posted on: May 30, 2015

Commodity-Products-big

ഉത്പന്ന അവധി വിപണി ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ജിയോഫീൻ കോംട്രേഡ് സീനിയർ അനലിസ്റ്റ് വി. ഹരീഷ് അഭിപ്രായപ്പെട്ടു.
നേരത്തെ കേന്ദ്ര സർക്കാർ ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയും (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ഉത്പന്ന അവധി വ്യാപാരത്തെ നിയന്ത്രിക്കുന്ന എഫ്.എം.സിയും(ഫോർവേഡ് മാർക്കറ്റ് കമ്മീഷൻ) തമ്മിലുള്ള ലയനത്തിന് അനുമതി നൽകിയിരുന്നു. ഈ നടപടി അവധി വിപണിയെ കൂടുതൽ കാര്യക്ഷമവും, സുതാര്യവുമാക്കുമെന്നും വിപണിയുടെ വ്യാപ്തി വൻതോതിൽ വർധിപ്പിക്കുമെന്നും വി. ഹരീഷ് പറഞ്ഞു.

Hareesh-V-Geofin-CSഇപ്പോൾ ബാങ്കുകൾ, വിദേശ ധനകാര്യസ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇന്ത്യൻ കമ്മോഡിറ്റി വിപണിയിൽ ഇടപെടാൻ സാധിക്കില്ല. എന്നാൽ എഫ്. എം. സി-സെബി ലയനം ഇത്തരം സ്ഥാപനങ്ങൾക്ക് കമ്മോഡിറ്റി അവധി വിപണിയിലേക്ക് കടന്നുവരാനുള്ള സാഹചര്യമുണ്ടാവുകയും ഉത്പന്ന അവധി വ്യാപാരത്തെ കൂടുതൽ സജീവമാക്കാൻ സഹായിക്കുകയും ചെയ്യും. ഏകീകൃത ചരക്കു സേവന നികുതി രാജ്യമാകെ നടപ്പാക്കുന്നതും ഈ വിപണിക്ക് അനുകൂലമാവുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് വി. ഹരീഷ് പറഞ്ഞു.

ഉത്പന്ന വിലകളിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഉണർവ് മിക്ക ചരക്കുകളുടെ അവധിവിലയിലും പ്രതിഫലിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ, ബേസ്‌മെറ്റൽസ് തുടങ്ങിയവക്കു പുറമേ കാർഷിക അവധി വിലകളിലും ഈ പ്രതിഫലനം ദൃശ്യമാണ്. ഇന്ത്യൻ ബഞ്ച്മാർക്ക് ക്രൂഡ് ഓയിൽ ആയ ഏഷ്യൻ ബ്രെന്റ് ഓയിൽ കഴിഞ്ഞ മാർച്ചിൽ ബാരലിനു 42.03 ഡോളർ വിലനിലവാരം വരെ ഇടിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ എണ്ണവിലകൾ വ്യാപാരം നടക്കുന്നതു ബാരലിന് 60 ഡോളർ നിലവാരത്തിനു മുകളിലാണ്. ഉയർന്നു നിൽക്കുന്ന ചൈനീസ് ഡിമാൻഡ്, യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായിരിക്കുന്ന ഇടിവ് എന്നിവയാണ് ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കമ്മോഡിറ്റി ഉപഭോക്താവായ ചൈന അവരുടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനായി ബാങ്ക് റേറ്റും മറ്റും കുറച്ചത് സ്വാഭാവികമായും ബേസ്‌മെറ്റൽസ് വിലകളിൽ പ്രകടമായി. ഡോളറിനുണ്ടായ മൂല്യശോഷണവും വിലകളിൽ പ്രതിഫലിക്കുന്നു. അതേസമയം ആഭ്യന്തര വിപണിയിൽ രൂപയ്ക്കുണ്ടായ ഇടിവ് വിലകളെയും കൂടുതൽ മുന്നോട്ടു നയിക്കുവാൻ കാരണമായിട്ടുണ്ട്.

ഈ വർഷം മൺസൂൺ കുറഞ്ഞേക്കുമെന്ന റിപ്പോർട്ടുകളും, ഇന്ത്യയുടെ പലഭാഗങ്ങളിലും നേരത്തെയുണ്ടായ മഴയും കാർഷിക വിപണിയിലെ ആശങ്കകൾ വർധിപ്പിച്ചതായി വി. ഹരീഷ് പറഞ്ഞു. കടല, കടുക്, ജീരകം, മഞ്ഞൾ, പരുത്തി എന്നിവയുടെ വിലകളിൽ ഏതാനും ആഴ്ചകളായി വൻ വർധനവാണ് ദൃശ്യമായത്.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ഇന്ത്യൻ നിക്ഷേപകരെ കൂടുതൽ ആകർഷിക്കുന്ന സ്വർണം, വെള്ളി എന്നിവയുടെ വിദേശ വിലകളിൽ കാര്യമായ വ്യതിയാനമില്ലാതെ തുടരുന്നു. വിദേശ വിപണിയിൽ രേഖപ്പെടുത്തിയിരുന്ന റെക്കോർഡ് നിലവാരമായ ഔൺസിന് 1920.3 ഡോളർ നിലയിൽ നിന്നും ഇപ്പോൾ വിലകൾ ഔൺസിന് 1185 ഡോളർ നിലയിലാണ് വ്യാപാരം നടക്കുന്നത്.

താരതമ്യേന കുറഞ്ഞ തോതിലുള്ള നിക്ഷേപകാവശ്യകത, ആഗോള ഓഹരി വിപണിയിലുണ്ടായ ഉണർവ് തുടങ്ങിയവക്ക് പുറമെ അമേരിക്ക അവരുടെ പലിശ നിരക്കുകൾ ഉയർത്തിയേക്കുമെന്ന ആശങ്കകളും ബുള്ളിയാൻ വിപണിയെ കാര്യമായി സ്വാധിനിക്കുന്നു. എന്നാൽ ആഭ്യന്തര ആവശ്യകതയും രൂപയുടെ മൂല്യത്തിലുണ്ടായ ശോഷണവും ഇന്ത്യൻ വിലകളെ ഒരു പരിധിവരെ താഴതെ പിടിച്ചുനിർത്തുന്നു. കഴിഞ്ഞ മാർച്ചിൽ പത്തുഗ്രാമിന് 25630 രൂപ നിലവാരത്തിലുണ്ടായിരുന്ന എംസിഎക്‌സ് വിലകൾ ഇപ്പോൾ പത്തുഗ്രാമിന് 26850 രൂപ നിലവാരത്തിനടുത്തേക്ക് ഉയർന്നിട്ടുണ്ട്.

TAGS: FMC | Geofin Comtrade | Sebi |