പച്ചക്കറിയിലെ വിഷാംശം പരിശോധിക്കാൻ മെഷീൻ വരുന്നു

Posted on: April 7, 2015

World-Health-Day-2015--Inau

തിരുവനന്തപുരം : മായം കലരാത്ത ഭക്ഷണം ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ലോകാരോഗ്യദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യസാധനങ്ങളിലെ മായം ചേർക്കലും കൃഷിക്കുവേണ്ടി മാരകമായ രാസവസ്തുക്കളും ഉപയോഗിക്കുന്നതു തടയണം. പൊതുജനങ്ങളുടെ സഹകരണവും വിവിധ സർക്കാർ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനവും വഴി മാത്രമേ അത്തരം സാഹചര്യങ്ങൾക്ക് തടയിടാനാവുകയുള്ളു. അതിനു വേണ്ട യത്‌നമാണ് കേരളത്തിന് ഇന്ന് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പച്ചക്കറിയിലെ വിഷാംശം പരിശോധിക്കുന്നതിന് രണ്ടു മെഷീൻ ഈ മാസം തന്നെ സംസ്ഥാനത്ത് സജ്ജമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച ആരോഗ്യമന്ത്രി വി. എസ്. ശിവകുമാർ പറഞ്ഞു. ഭക്ഷണത്തിലെ മായം ചേർക്കൽ തടയുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് തസ്തിക സൃഷ്ടിച്ചുകൊണ്ട് രണ്ടു മാസത്തിനുള്ളിൽ 155 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ചെക്ക് പോസ്റ്റിൽ മൂന്നു മൊബൈൽ പരിശോധനാ ലാബുകളും ഉടൻ സ്ഥാപിക്കും. ഭക്ഷണത്തിലെ മായം ചേർക്കൽ തടയുന്നതുൾപ്പെടെയുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിന്റെ തീരുമാനമനുസരിച്ച് ഉടൻ ദക്ഷിണേന്ത്യൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നഗരകാര്യ വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ മിൻഹാജ് ആലം, ഭക്ഷ്യസുരക്ഷ കമ്മീഷണർ ടി.വി. അനുപമ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വി. ഗീത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.