കേരളത്തിലെ ഏറ്റവും മികച്ച ഹരിത പഞ്ചായത്തിന് 5 ലക്ഷം രൂപ

Posted on: September 4, 2021

കൊച്ചി : ഫാ.ഡേവിസ് ചിറമേല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് , അഗ്രിമൈകള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനി (എ.എം.സി) യുടെ നേതൃത്വത്തില്‍ ഹരിതവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രീന്‍ റെവല്യൂഷന്‍ അവാര്‍ഡുകള്‍ നല്‍കുന്നു. കേരളത്തിലെ ഏറ്റവും മികച്ച ഗ്രീന്‍ പഞ്ചായത്തിന് അടുത്ത ചിങ്ങം ഒന്നിന് അഞ്ച് ലക്ഷം രൂപയും, ഗ്രീന്‍ ഷീല്‍ഡും സമ്മാനമായി നല്‍കും. സ്‌കൂളുകള്‍, കോളേജുകള്‍, കര്‍ഷകര്‍, എന്‍.ജി.ഒ കള്‍, സമൂഹ മാധ്യമ കൂട്ടായ്മകള്‍ എന്നിവര്‍ക്കും അവാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി മലക്കും.

അവാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ പഞ്ചായത്തിലെയോ, തെരഞ്ഞെടുക്കപ്പെടുന്ന പ്രദേശങ്ങളിലെയോ റോഡിന്റെ വശങ്ങളില്‍ ചെടികളും മരങ്ങളും നട്ടു പിടിപ്പിക്കുകയും പരമാവധി സ്ഥലങ്ങളില്‍ സസ്യങ്ങളും വൃക്ഷങ്ങളും വച്ച് പിടിപ്പിച്ച് പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുകയും ചെയ്യണം. ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍, പൂമരങ്ങള്‍, കര്‍ഷകരുടെയും, കൃഷിത്തോട്ടങ്ങളുടെയും എണ്ണം തുടങ്ങിയ കൃത്യമായ ഡാറ്റകളും അഗ്രിമൈകള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനി നല്‍കുന്ന ഫോര്‍മാറ്റില്‍ ശേഖരിച്ചു നല്‍കണം.

എ.എം.സി നിര്‍ദേശിക്കുന്ന പ്രവര്‍ത്തനങ്ങളും ഡാറ്റ ശേഖരണവും പരിശോധിച്ച് വിദഗ്ധ സമിതിയാകും വിധി നിര്‍ണയം നടത്തുക. മികച്ച പഞ്ചായത്തിന് അഞ്ച് ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ വീതവുമാകും അവാര്‍ഡ്. പ്രോത്സാഹന പുരസ്‌കാരമായി ഒരു പഞ്ചായത്തിന് 50,000 രൂപയും നല്‍കും. ഓരോ വിഭാഗത്തിനും 10,000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. ഹരിതവത്കരണത്തിന് തുടര്‍ച്ചയുണ്ടാകുക എന്ന ലക്ഷ്യത്തോടെ അടുത്ത മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഗ്രീന്‍ റെവല്യൂഷന്‍ അവാര്‍ഡുകള്‍ നല്‍കും. പഞ്ചായത്തോ മറ്റ് വിഭാഗങ്ങളോ തുടര്‍ച്ചയായി ആവാര്‍ഡിനര്‍ഹമായാല്‍ അവര്‍ക്ക് ഓരോ വര്‍ഷം ഇരട്ടി തുക വീതമായിരിക്കും അവാര്‍ഡ് ലഭിക്കുക.

അവാര്‍ഡിനായി 2021 നവംബര്‍ 1 ന് മുന്‍പായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. പഞ്ചായത്തുകള്‍ക്ക് ആയിരം രൂപയും മറ്റുള്ളവര്‍ക്ക് നൂറ് രൂപയുമാണ് രജിസ്ട്രേഷന്‍ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7594942224

അന്തരീക്ഷത്തിലെ കാര്‍ബണ്‍ അളവ് കുറയ്ക്കുക എന്നതാണ് എ.എം.സി യുടെ പ്രഖ്യാപിത ലക്ഷ്യം. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി കേരളത്തിലെ പച്ചത്തുരുത്തുകള്‍ മാറണം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഗ്രീന്‍ റെവല്യൂഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അഗ്രിമൈകള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനി ചീഫ് പേട്രണ്‍ ഫാ.ഡേവിസ് ചിറമേല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂവാറ്റുപുഴയിലെ കിഴക്കേക്കരയില്‍ അഗ്രിമൈകള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനി ആരംഭിച്ച മോഡല്‍ ഫാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ സുരക്ഷിതവും ഭദ്രവും ആയ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് അനിവാര്യമാണ്. ആഗോള താപനം , കാലാവസ്ഥാ വ്യതിയാനം, ശുദ്ധ ജലക്ഷാമം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം നമ്മെ അലട്ടുന്നുണ്ട്. പ്രകൃതിയോട് കൂടുതല്‍ ഇണങ്ങുക എന്നത് മാത്രമാണ് ഇതിനെല്ലാം ഏക പോംവഴി. അതിലേക്കുള്ള പ്രഥമ ചുവടുവയ്പ്പാണിതെന്ന് ഫാ.ഡേവിസ് ചിറമേല്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ പി തോമസ്, മാനേജിംഗ് ഡയറക്ടര്‍ സി.വി.ജോസ് എന്നിവര്‍ പറഞ്ഞു.

കാര്‍ഷിക മേഖലയെ കുറിച്ചും ഹരിതവത്ക്കരണത്തെ കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാ.ഡേവിസ് ചിറമേല്‍ ട്രസ്റ്റ് അഗ്രിമൈകള്‍ച്ചര്‍ കമ്പനിയുടെയും മോഡല്‍ ഫാമിന്റെയും പ്രധാന ലക്ഷ്യം. കമ്പനിയില്‍ നിന്നുള്ള ലാഭം പൂര്‍ണമായും പാവപ്പെട്ട കര്‍ഷകര്‍ക്ക് വളമായും വിത്തായും കാര്‍ഷികോപകരണങ്ങളായും നല്‍കും. മോഡല്‍ ഫാമില്‍ എല്ലാ ഫലവൃക്ഷങ്ങളും സസ്യലതാദികളും പച്ചക്കറികളും മത്സ്യങ്ങളും ഉണ്ടാകും. ഫാമില്‍ താമസിക്കാനും സമയം ചെലവഴിക്കാനുമുള്ള അവസരവുമുണ്ടാകും.

 

TAGS: Agri Culture |