കുന്നംകുളം നഗര സഭ കേരളത്തിലെ ആദ്യ കാര്‍ബണ്‍ സന്തുലിത മേഖലയാകാന്‍ ഒരുങ്ങുന്നു

Posted on: February 22, 2021


തൃശ്ശൂര്‍: പരിസ്ഥിതിസംരക്ഷണത്തിനുള്ള ഇടപെടലുകളിലൂടെ കുന്നംകുളം ലോകഭൂപടത്തില്‍ സ്ഥാനംപിടിക്കാനൊരുങ്ങുന്നു. ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (െഎ.പി.സി.സി.) ആഗോള പ്രോട്ടോകോളനുസരിച്ച് കേരളത്തിലെ ആദ്യ കാര്‍ബണ്‍സന്തുലിത മേഖലയാവാനൊരുങ്ങുകയാണ് ഈ നഗരസഭ. ഇതിനുള്ള പഠനങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്നത് കേരള കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥാവ്യതിയാന പരിസ്ഥിതിശാസ്ത്ര കോളേജിന്റെ നേതൃത്വത്തിലാണ്.

നഗരസഭാപരിധിയിലെ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും ആഗിരണവും സമമാക്കുകയെന്ന പ്രവര്‍ത്തനമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ‘കാര്‍ബണ്‍ ന്യൂട്രല്‍ കമ്യൂണിറ്റി’ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ഒരു പ്രദേശത്ത് പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് കണക്കാക്കുകയും അതിനെ തുലിതമാക്കാനുള്ള സസ്യസമ്പത്ത് അവിടെയുണ്ടോ എന്ന് പരിശോധിക്കുകയും വേണം.

ഹരിതഗൃഹവാതകങ്ങളുടെ അളവ് കണക്കാക്കുന്നതു വഴി കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കാനുള്ള ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാനാവും. ഈ പദ്ധതിയാണ് കുന്നംകുളം നഗരസഭയില്‍ നടപ്പാക്കുന്നത്.

സാമ്പിള്‍ സര്‍വേ പ്രകാരമെടുത്ത വീടുകള്‍, വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍, പൊതുഗതാഗതം, മണ്ണ്, രാസ-ജൈവ വളപ്രയോഗം, ബള്‍ബുകളുടെ ഉപയോഗം, മരങ്ങളുടെ അളവ് തുടങ്ങി എല്ലാ മേഖലകളിലും പഠനം നടത്തി. കാര്‍ബണ്‍സന്തുലിതമാക്കണമെങ്കില്‍ ഇന്ധന ഉപയോഗം കുറയ്ക്കുകയോ സമാന അളവില്‍ കാര്‍ബണ്‍ വലിച്ചെടുക്കുന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കുകയോ വേണം.

വാഹനങ്ങളുടെ നിയന്ത്രണം നഗരസഭയ്ക്ക് സാധ്യമാകുന്നില്ലെങ്കില്‍ പരമാവധി സ്ഥലങ്ങളില്‍ സൈക്കിള്‍യാത്രയ്ക്കായി പ്രത്യേകപാതയുണ്ടാക്കാന്‍ നിര്‍ദേശം നല്‍കും. കേരള കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥാവ്യതിയാന പരിസ്ഥിതിശാസ്ത്ര കോളേജിലെ ഡോ. പി.ഒ. നമീറാണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്.