മൂന്നാറില്‍ കാലാവസ്ഥാ വ്യതിയാന ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു

Posted on: February 18, 2021

മൂന്നാര്‍: കാലാവസ്ഥ വ്യതിയാന പഠനത്തിന്റെ ഭാഗമായി മൂന്നാര്‍ എന്‍ജിനിയറിംഗ് കോളജില്‍ ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു. മുന്നാര്‍ എന്‍ജിനിയറിംഗ് കോളജും ഐഐടി മദാസും കേരള സര്‍ക്കാരിന്റെ പരിസ്ഥിതി – കാലാവസ്ഥ വ്യതിയാന പഠന ഡയറക്ടറേറ്റും സംയുക്തമായി നടപ്പിലാക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കേരളത്തിലെ ആദ്യത്തെ ഹൈ ആള്‍ട്ടിറ്റിയൂഡ് ലബോറട്ടറി കൂടിയായ സ്ഥാപനം 20-ന് ഉച്ചയ്ക്ക് 12.30-ന് ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം ചെയ്യുന്നത്. അഞ്ചുവര്‍ഷമായി മദ്രാസ് ഐഐടിയും മൂന്നാര്‍ എന്‍ജി നിയറിംഗ് കോളജിലെ സിവില്‍ എന്‍ജിനിയറിംഗ് വിഭാഗവും സംയുക്തമായി നടത്തി വന്നിരുന്ന പഠനങ്ങള്‍ വിജയംകണ്ടതോടെയാണ് ഇവിടെ സ്ഥിരം പഠനകേന്ദ്രം ആരംഭിക്കുന്നത്. മദ്രാസ് ഐഐടിയിലെ പ്രഫ. സച്ചിന്‍ എസ്. ഗുന്തെ, മൂന്നാര്‍ എന്‍ജിനിയറിംഗ് കോളജ് സിവില്‍ വിഭാഗം പ്രഫ. സി.വി. ബിജു എന്നിവരാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഹൈ ആള്‍ട്ടിറ്റിയൂഡ് ഗവേഷണ കേന്ദ്രത്തില്‍ മനുഷ്യ ഇടപെടലിലൂടെയുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചു കൃത്യമായ സമയക്രമം അനുസരിച്ച് നിരീക്ഷണം നടത്തി വിവരങ്ങള്‍ശേഖരിക്കും. കാലാവസ്ഥയുടെ ഘടനയിലുണ്ടാകുന്ന സൂക്ഷ്മ വ്യതിയാനങ്ങളെ നിര്‍ണയിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍പറയുന്നു.

ഗവേഷണ കേന്ദ്രത്തിനാവശ്യമായ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മദ്രാസ് ഐഐടിയുടെ സഹായത്തോടെ പ്രശസ്ത ആര്‍ക്കിടെക്റ്റ് ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പാണ് നിര്‍വഹിച്ചത്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി എം.എം. മണി അധ്യക്ഷതവഹിക്കും. എസ്. രാജേന്ദ്രന്‍ എംഎല്‍ എം ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പത്മശ്രീഎം. ചന്ദ്രദത്തന്‍, പ്രഫസര്‍മാരായ രവീന്ദ്ര ഗെട്ടു, മനു സന്താനം, കെ.പി. സുധീര്‍തുടങ്ങിയവര്‍ പങ്കെടുക്കും.