സിയാലിൽ ഫ്‌ളോട്ടിംഗ് സൗരോർജ്ജ പ്ലാന്റ്

Posted on: January 19, 2021

നെടുമ്പാശേരി : ലോകത്തിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാലില്‍ ഫ്ളോട്ടിംഗ് സൗരോര്‍ജ പ്ലാന്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. സിയാല്‍ ഗോള്‍ഫ് കോഴ്‌സസിലെ രണ്ടു തടാകങ്ങളിലായി ഒരേക്കറോളം വിസ്തൃതിയില്‍ സ്ഥാപിച്ച സൗരോര്‍ജ പദ്ധതിയുടെ സ്ഥാപിതശേഷി 452 കിലോവാട്ടാണ്. ഇതോടെ കൊച്ചി അന്താരാഷ്ട വിമാനത്താവള കമ്പനിയുടെ സൗരോര്‍ജ പദ്ധതികളുടെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ടായി ഉയര്‍ന്നു.

ഹരിത ഊര്‍ജ ഉത്പാദനത്തില്‍ നിരന്തരം പരീക്ഷണം നടത്തുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക ചുവടുവയ്പാണ് ഫ്‌ളോട്ടിംഗ് പ്ലാന്റ്. അത്യാധുനിക ഫ്രഞ്ച് സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത ഹൈ ഡെന്‍സിറ്റി പോളിഎഥലീന്‍ പ്രതലങ്ങളിലാണ് പാനലുകള്‍ ഘടിപ്പിക്കുന്നത്. തുടര്‍ന്ന് ഇത്തരം ചെറുയൂണിറ്റുകളെ പരസ്പരം ബന്ധിപ്പിക്കുകയും തടാകങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യും, 1300 ഫോട്ടോവോള്‍ട്ടയിക് പാനലുകളാണ് ഈ പ്രതലങ്ങളില്‍ പിടിപ്പിച്ചിട്ടുള്ളത്.

രണ്ടുകോടി രൂപയാണ് ഇതിന്റെ ചെലവ്. സാധാരണയായി ഫ്‌ളോട്ടിംഗ് പാനലുകള്‍ സ്ഥാപിക്കുന്നതിന് തറയില്‍ സ്ഥാപിക്കുന്നതിന്റെ മൂന്നിരട്ടിയാണ് ചെലവ്. എന്നാല്‍ നൂതന ഫ്രഞ്ച് സാങ്കേതിക വിദ്യയുടെ സഹയാത്തോടെ ഇത് കുറയ്ക്കുവാന്‍ കഴിഞ്ഞതായും രാജ്യത്താദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.