കാളിയാര്‍ സെന്റ് മേരീസ് സ്‌കൂള്‍ സൗരോര്‍ജ പ്രഭയില്‍

Posted on: August 20, 2020

കാളിയാര്‍: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഈ സ്വാതന്ത്ര്യദിനത്തില്‍ വൈദ്യുതി ബില്ലില്‍ നിന്നും സ്വതന്ത്യം. സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കുട്ടികളുടെ സ്‌കൗട്ട് ഗോസോ ജാം പ്രോജക്ടിന്റെ ഭാഗമായി മൂന്നര ലക്ഷം രൂപ ചെലവഴിച്ച് സോളാര്‍ പദ്ധതി സ്ഥാപിച്ചാണ് വൈദ്യുതി ബില്‍ ലാഭിക്കാന്‍ ശ്രമം ആരംഭിച്ചത്.

ഒന്നര ലക്ഷം രൂപ കോടിക്കുളം സ്വദേശിയും അദാനി സോളാര്‍നാഷണല്‍ ബിസിനസ് ഹെഡുമായ സെസില്‍ സംഭാവനയായി നല്‍കുകയും ബാക്കി തുക മാനേജ്‌മെന്റും സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കുട്ടികളും കൂടി കണ്ടെത്തുകയുമായിരുന്നു. സൗരോര്‍ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് പാരമ്പര്യ ഊര്‍ജ സ്രോതസുകളെ ഉപയോഗപ്പെടുത്തി കുട്ടികള്‍ക്ക് നല്ല സന്ദേശം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിനായി സോളാര്‍ പാനലുകള്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിക്കുകയും ചെയ്തു.

ഇതില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡു വഴി പവര്‍ യൂണിറ്റിലെത്തിച്ച് ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഇവിടെയുള്ളത്. സ്‌കൂളിലെ ഉപയോഗം കഴിഞ്ഞുള്ള വൈദ്യുതി കെ.എസ്. ഇ.ബിക്ക് നല്‍കും. സ്‌കൗട്ട് മാസ്റ്റര്‍ കവിത തോമസ്, ഗൈഡ് ക്യാപ്റ്റന്‍ ജൂലിന്‍ ജയമോള്‍, വിദ്യാര്‍ഥികളായ റോബിന്‍, റിയ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍ ആനിക്കോട്ടില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ബിജു ജോസഫ്, ഹെഡ്മിസ്ട്രസ് സിനിമോള്‍ ജോസ്, അദാനിഗ്രൂപ്പ് ഹെഡ് സെസില്‍ അഗസ്റ്റിയന്‍, പി.ടി.എ പ്രസിഡന്റ് കെ.യു സുദര്‍ശനന്‍, വാര്‍ഡ് മെമ്പര്‍സത്യദാസ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.