വിയ്യൂര്‍ ജയില്‍ മിയോവാക്കി വനം ഒരുങ്ങുന്നു

Posted on: July 12, 2020


തൃശൂര്‍ : വിയ്യൂര്‍ ജയില്‍ കോമ്പൗണ്ടില്‍ മിയോവാക്കി മാതൃകയിലുള്ള വനം ഒരുങ്ങുന്നു. ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അമീറ മിയോവാക്കി വിഭാവനം ചെയ്ത പദ്ധതിയായതിനാലാണ് മിയോവാക്കി വനമെന്നു പേര്. രണ്ടു സെന്റ് സ്ഥലത്തുപോലും കാടൊരുക്കി നഗരത്തില്‍ വരെ പ്രകൃതിയെ സംരക്ഷിക്കാന്‍ കഴിയുന്ന പദ്ധതിയാണിത്.

ജയിലിലെ മിയോവാക്കി വനത്തിനുള്ള വൃക്ഷതൈകള്‍ സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ്, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവരാണ് സംഭാവന ചെയ്തിരിക്കുന്നത്. ഇതിനുപുറമേ ജയിലിലെ പോളി ഫാമില്‍ ഉത്പാദിപ്പിച്ചിട്ടുള്ള വിവിധ വൃക്ഷത്തൈകളും ഉപയോഗിക്കും.

മാവ്, പ്ലാവ്, പുളി, പേര, കണിക്കൊന്ന അരാല്‍, അത്തി, മട്ടി, ഞാവല്‍, മഹാറാണി, കുന്തിരിക്കം, തേക്ക്, രക്തചന്ദനം തുടങ്ങിയ നൂറോളം വൃക്ഷങ്ങളും, വള്ളിച്ചെടികള്‍, കുറ്റിച്ചെടികള്‍, ഔഷധ സസ്യങ്ങള്‍ എന്നിവരും ഇവിടെ വളരും. ഒരു സെന്റ് സ്ഥലത്ത് 160 വൃക്ഷങ്ങള്‍ എന്ന കണക്കില്‍ മൂവായിരത്തിലേറെ വൃക്ഷങ്ങളാണ് ഈ പദ്ധതിയില്‍ വിയ്യൂരിലെ 20 സെന്റ് സ്ഥലത്തു വളര്‍ത്തിയെടുക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇതു ഗാന്ധിസ്മൃതി വനം എന്ന പേരില്‍ അറിയപ്പെടും.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് ആദ്യത്തെ മിയോ വാക്കി വനം പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചത്. രണ്ടാമത്തെ വനമാണ് വിയ്യൂരില്‍ ഒരുങ്ങുന്നത്. നിലമൊരുക്കുന്ന ജോലി അമ്പതോളം തടവുകാര്‍ ചേര്‍ന്നു പൂര്‍ത്തിയാക്കിയിട്ടുണ്ട്. തൈകള്‍ നടുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നു രാവിലെ 9.30 നു ജയിലിലെ ഉദ്യോഗസ്ഥരും തടവുകാരും ചേര്‍ന്നു നിര്‍വഹിച്ചു.

ജയില്‍ ഡെപ്യൂട്ടി സുപ്രണ്ട് എം.എം.ഹാരീസ്, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ സി.എസ്. അനീഷ്, നവാസ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ജയിലിലെ മിയോവാക്കി വനം പദ്ധതി നടപ്പാക്കുന്നത്.

TAGS: Miyawaki Forest |