കോട്ടുകാലിന്റെ ജലസമ്പത്തും ജീവനും സംരക്ഷിക്കണം

Posted on: February 3, 2020

വിഴിഞ്ഞം : ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും സാഹചര്യത്തിൽ വയലുകൾ ഉൾപ്പെടെയുള്ള എല്ലാ തണ്ണീർ തടങ്ങളും നിലനിർത്തി സംരക്ഷണം നൽകേണ്ടതു കാലഘട്ട ത്തിന്റെ ആവശ്യം കൂടി ആണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. വി. സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. ലോക തണ്ണീർത്തട ദിനാചരണ ത്തിന്റെ ഭാഗമായി കോട്ടുകാലിന്റെ ജലസമ്പത്തും സ്രോതസുകളും സംരക്ഷിക്കാൻ കോട്ടുകാൽ പരിസ്ഥിതി സംരക്ഷണ സമിതി സംഘടിപ്പിച്ച തണ്ണീർത്തട സംരക്ഷണ പൊതു ജനസഭയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കോട്ടുകാൽ പ്രദേശത്തെ 90 ഏക്കർ തണ്ണീർത്തട ഭൂമി (കോട്ടുകാൽ ഏലാ) നികത്താനുള്ള അദാനി കമ്പനിയുടെ അപേക്ഷ, കേരളാ നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം, 2008 പ്രകാരം രൂപീകരിച്ചിട്ടുള്ള സംസ്ഥാനതല വിദഗ്ധ സമിതി പരിസ്ഥിതി കാരണങ്ങളാൽ നിഷേധിച്ചിരി ക്കകയാണ്. ഈ ഭൂമി നികത്തിയാൽ ജലവാഹക ശേഷി 36 കോടി ലിറ്റർ കുറയുമെന്നും അത് കോട്ടുകാലിന്റെ കുടിവെള്ള ലഭ്യതയിൽ കുറവ് വരുത്തുമെന്നും വേനൽക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടാമെന്നും മറ്റ് ജലസ്രോതസുകൾക്ക് മലിനീകരണവും ജലശോഷ ണവും സംഭവിക്കാമെന്നും തുടങ്ങി നിരവധി പ്രത്യാഘാതങ്ങൾ വിദഗ്ധസമിതി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ കോട്ടുകാൽ ഇടത്തോടും വലിയതോടും നമ്മുടെ കിണറുകളും കുളങ്ങളുംവറ്റി കോട്ടുകാലിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലെയും തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം മേഖലയിലെയും ജനങ്ങളും മറ്റ് ജീവജാലങ്ങളും കുടിവെള്ളം കിട്ടാതെ വലയും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും അനന്തര ഫലങ്ങളും അനുഭവിക്കേണ്ടി വരുന്നത് നിലവി ലുള്ള തലമുറയേക്കാൾ അടുത്ത തലമുറയാണെ ന്നുള്ളത് ഓർക്കാതെയാണ് നാട്ടിൽ വികസനത്തിന്റെ പേരിൽ നടക്കുന്ന പ്രകൃതി വിഭവങ്ങളുടെ ചൂഷണം. കടൽതീരത്തോട് ചേർന്നു കിടക്കുന്ന കോട്ടുകാൽ പോലുള്ള പ്രദേശങ്ങളെ സമുദ്രജലനിരപ്പ് ഉയരുന്ന പ്രതിഭാസം പ്രതികൂലമായി ബാധിക്കും എന്ന് അറിയാമായി രുന്നിട്ടും തണ്ണീർത്തടങ്ങളെ നികത്തുന്ന പ്രവർത്തനം അടിയന്തിരമായി നിറുത്തിവയ്ക്കുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. പൊതുജന സഭയിൽ പ്രഭാഷണം നടത്തിയ കേരള ശാസ്ത്ര സാഹിത്യ പരിഷത് പരിസ്ഥിതി വിഷയ സമിതി ചെയർമാൻ വി. ഹരിലാൽ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ വികസനത്തെപ്പറ്റി വ്യാകുലപ്പെടുന്നവർ, തണ്ണീർത്തടങ്ങൾ ഉൾപ്പെടുന്ന പാരിസ്ഥിതിക ഇടങ്ങളുടെ തകർച്ച ഉണ്ടാക്കുന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടവും, ജൈവ – ജീവിത ദുരന്തങ്ങളും ഉണ്ടാക്കുന്നതിൽ ആകുലപ്പെടാത്തത് കച്ചവടതാല്പര്യങ്ങളെ മുൻനിർത്തി മാത്രമാണെന്ന് ഗ്രീൻ റിപ്പോർട്ടർ ചീഫ് എഡിറ്ററും പശ്ചിമഘട്ട രക്ഷാ ഏകോപന സമിതി കൺവീനറുമായ ഇ.പി.അനിൽ പ്രസ്താവിച്ചു.

ചപ്പാത്ത് എസ്. ഷൂജ യുടെ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നഗരസയുടെ മുല്ലൂർ വാർഡ് കൗൺസിലർ സി.ഓമന, വെള്ളായണി കായൽ സംരക്ഷണ സമിതി ചെയർമാനും കല്ലിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറുമായ അഡ്വ. എസ്. ഉദയകുമാർ, വിഴിഞ്ഞം റസിഡൻസ് അസോസിയേഷൻസ് കൗൺസിൽ പ്രസിഡന്റ് അഡ്വ. കെ ജയചന്ദ്രൻ, മുല്ലൂർ സുരേന്ദ്രൻ അനുസ്മരണ സമിതി ചെയർമാൻ മുക്കോല പി. രത്‌നാകരൻ, പ്രകൃതി -വന്യജീവി ഫോട്ടോഗ്രാഫർ ബിജു കാരക്കോണം, എൻ.ജെ. ഷമ്മി , എൽ. പങ്കജാക്ഷൻ ശാന്തിഗ്രാം എന്നിവർ പ്രസംഗിച്ചു. പയറ്റുവിള ഉണ്ണിയും ബി.സുധയും പരിസ്ഥിതി സംരക്ഷണ ഗാനം ആലപിച്ചു. കോട്ടുകാൽ തണ്ണീർതട സംരക്ഷണ പ്രതിജ്ഞ എടുക്കലും പ്രമേയം പാസാക്കലും നടന്നു.

കോട്ടുകാൽ പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ എ.കെ. ഹരികുമാർ സ്വാഗതവും ജനറൽ കൺവീനർ അനിൽ ചൊവ്വര കൃതജ്ഞതയും രേഖപ്പെടുത്തി.