മൂന്നാര്‍ കൊടും തണുപ്പിന്റെ പിടിയില്‍

Posted on: January 14, 2020

മൂന്നാര്‍ : കാലം തെറ്റിയ കാലാവസ്ഥയില്‍ വൈകിയാണെങ്കിലും മൂന്നാറില്‍ പിടിമുറുക്കി അതിശൈത്യം. സാധാരണ നവംബറില്‍ കൊടുംതണുപ്പ് തുടങ്ങിയിരുന്ന മൂന്നാറില്‍ കഴിഞ്ഞ 2 വര്‍ഷമായി ജനുവരിയിലാണു താപനില മൈനസില്‍ എത്തുന്നത്.

ശനി, ഞായര്‍ ദിവസങ്ങളില്‍ മൂന്നാറിലും ദേവികുളത്തും മൈനസ് താമനില രേഖപ്പെടുത്തുകയും മഞ്ഞു പെയ്യുകയും ചെയ്തു. ഇന്നലെ 2 ഡിഗ്രി ആയിരുന്നു കുറഞ്ഞ താപനില. മഞ്ഞു വീഴ്ച ശക്തമായതോടെ ഇവിടത്തെ പുല്‍മേടുകളുടെ പച്ചപ്പു നഷ്ടപ്പെട്ടു.

പുലര്‍ച്ചെ മഞ്ഞില്‍ കുളിക്കുന്ന പൂക്കള്‍ സൂര്യപ്രകാശത്തില്‍ കരിഞ്ഞുണങ്ങുന്നതാണു കാരണം. തേയിലച്ചെടികളെയും മഞ്ഞുവീഴ്ച പ്രതികൂലമായി ബാധിക്കുന്നു.

മഞ്ഞു പെയ്താല്‍ ഒറ്റ ദിവസം കൊണ്ടു തേയിലക്കൊളുന്തു കരിഞ്ഞുണങ്ങും. കുളിര്‍ ആസ്വദിക്കാന്‍ ഒട്ടേറെ സന്ദര്‍ശകരാണ് എത്തുന്നത്. വിദേശികളാണ് ഈ സീസണില്‍ കൂടുതല്‍.