കൊച്ചി ഗ്രീൻ കാർണിവൽ : ശുചീകരണ യജ്ഞത്തിൽ 3000 കുട്ടികളുടെ പങ്കാളിത്തം

Posted on: December 21, 2019

കൊച്ചി : കൊച്ചി ന്യൂ ഇയർ കാർണിവൽ ഗ്രീൻ കാർണിവലാക്കി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി എറണാകുളം ലീഗൽ സർവീസ് അഥോറിട്ടിയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികളുടെയും വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വിപുലമായ ശുചീകരണ യജ്ഞം നടന്നു. ശുചീകരണ യജ്ഞത്തിൽ 3000 ൽ അധികം സ്‌കൂൾ വിദ്യാർത്ഥികൾ അണിനിരന്നു. ഫോർട്ട് കൊച്ചി വാസ്‌ഗോഡഗാമാ സ്‌ക്വയറിൽ വെള്ളിയാഴ്ച രാവിലെ 9 മുതൽ 10 വരെയാണ് ശുചീകരണ യജ്ഞം നടന്നത്.  കെ. ജെ. മാക്‌സി എംഎൽഎ, മേയർ സൗമിനി ജെയിൻ, ജില്ലാ സബ് ജഡ്ജ് സലീന വി. ജി. നായർ, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ തുടങ്ങിയവർ പങ്കെടുത്തു.

രാജ്യത്തെ ശ്രദ്ധേയ നവവത്സര ആഘോഷം നടക്കുന്ന ഫോർട്ട്‌കൊച്ചിയിൽ ഒരു പുത്തൻ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രീൻ പ്രാട്ടോക്കോളിന് മുൻകൈ എടുക്കുന്ന ജില്ലാ ലീഗൽ സർവീസ് അഥോറിട്ടി പ്രതിനിധികൾ അറിയിച്ചു. അതിലേക്കുള്ള ചുവടുവയ്പായിരുന്നു മൂവായിരത്തോളം വിദ്യാർത്ഥികൾ ഒരുമിച്ചു ചേർന്നുള്ള ശുചീകരണ യജ്ഞം. പൗരബോധത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും പാഠങ്ങൾ വരും തലമുറയ്ക്ക് കൂടി പകർന്നു നല്കുകയായിരുന്നു ലക്ഷ്യം. പ്ലാസ്റ്റിക്കെന്നും പ്ലാസ്റ്റിക്ക് അല്ലാത്തവയെന്നും വേർതിരിച്ചാണ് മാലിന്യം കൈകാര്യം ചെയ്തത്. മാലിന്യ സംസ്‌കരണത്തിൽ ജൈവ, അജൈവ മാലിന്യങ്ങളെ തരംതിരിച്ച് കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണവും നടത്തി. ഫോർട്ട് കൊച്ചിയിൽ നടക്കുന്ന ചെറു കാർണിവലുകളിലും ഗ്രീൻ പ്രോട്ടോക്കോൾ തുടരാനാണ് പദ്ധതി.