അമ്പലമുകളില്‍ 4300 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഹര്‍ജി

Posted on: October 29, 2019

കൊച്ചി : ഭാരത് പെട്രോളിയം കോര്‍പറേഷന്റെ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് നിര്‍മിക്കാന്‍ ഫാക്ടിന്റെ അമ്പലമുകളിലുള്ള 170 ഏക്കര്‍ സ്ഥലത്തെ 4300 മരങ്ങള്‍ മുറിച്ചു നീക്കുന്നതിനു ജില്ലാതല വൃക്ഷ സമിതി അനുമതി നല്‍കിയതു ചോദ്യം ചെയ്തു. ഹൈക്കോടതിയില്‍ ഹര്‍ജി. കൊച്ചി നഗരത്തിലെ വാഹനങ്ങൡ നിന്നുള്ള മലിനീകരണം പരിഗണിച്ചാല്‍ കൂട്ടത്തോടെ മരങ്ങള്‍ മുറിക്കുന്നത് ആത്മഹത്യാപരമാണെന്ന് ആരോപിച്ച് ഗ്രീന്‍ ആക്ഷന്‍ ഫോഴ്‌സ് സെക്രട്ടറി ഷിബു മാനുവല്‍ സമര്‍പ്പിച്ച ഹര്‍ജി പിന്നീടു പരിഗണിക്കും.

മുറിക്കുന്ന ഓരോ മരത്തിനും പകരമായി 10 മരങ്ങള്‍ വച്ചു പിടിപ്പിക്കണമെന്ന ഉറപ്പു പോലും വാങ്ങാതെ അനുമതി നല്‍കിയെന്നാണ് ആക്ഷേപം.

ഇത്രയും മരങ്ങള്‍ മുറിച്ചു മാറ്റുന്നതു മൂലമുള്ള നഷ്ടം പരിഹരിക്കാന്‍ കുറഞ്ഞതു 30 വര്‍ഷമെങ്കിലും വേണം. കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എറണാകുളം ജില്ലയിലെ പൊതു സ്ഥലങ്ങളില്‍ വന്‍തോതില്‍ മരങ്ങള്‍ വെട്ടി. വെട്ടിമാറ്റുന്ന മരങ്ങള്‍ക്കു പകരം വച്ചു പിടിപ്പിക്കാന്‍ സര്‍ക്കാര്‍ ഏജന്‍ജികള്‍ തയാറാകുന്നില്ലെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഫാക്ടിന്റെ അമ്പലമുകളിലെ 170 ഏക്കര്‍ സ്ഥലം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്കു സര്‍ക്കാരിനും വനം വകുപ്പിനും നിര്‍ദ്ദേശം നല്‍കണമെന്നും മരംമുറി തടയണമെന്നും ആവശ്യപ്പെട്ടാണു ഹര്‍ജി. ഹര്‍ജി തീര്‍പ്പാക്കും വരെ മരംമുറി സ്റ്റേ ചെയ്യണമെന്നാണ്.