നഗര മേഖലകളില്‍ സംക്ഷിപ്ത വനങ്ങളൊരുക്കാന്‍ മാതാ അമൃതാനന്ദമയീ മഠത്തിന്റെ യുവജന വിഭാഗം

Posted on: October 15, 2019

കൊച്ചി: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ മാതാ അമൃതാനന്ദമയീ മഠത്തിന്റെ യുവജന വിഭാഗമായ അയുധ് തീരുമാനിച്ചു. എറണാകുളത്തു സമാപിച്ച ദ്വിദിന അയുധ് ദക്ഷിണ്‍ ക്യാമ്പാണ് ഇതു സംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള അയുധ് ചാപ്റ്ററുകളാണ് ദക്ഷിണ്‍ ക്യാമ്പില്‍ പങ്കെടുത്തത്.

നഗര മേഖലകളില്‍ സംക്ഷിപ്ത വനങ്ങള്‍ സൃഷ്ടിക്കുന്നതു ലക്ഷ്യമിട്ടുള്ള അമൃതവനം പദ്ധതി അടക്കമുള്ള പരിപാടികളിലാവും ഇതിന്റെ ഭാഗമായി അയുധ് ശ്രദ്ധ കേന്ദ്രീകരിക്കുക. യുവാക്കളുടെ ശ്രദ്ധയും ഊര്‍ജ്ജവും ക്രിയാത്മക ദിശയിലേക്കു തിരിച്ചു വിടുകയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനും രാഷ്ട്രത്തിനും അഭിമാനകരമായ രീതിയില്‍ മുന്നേറാന്‍ അവരെ പര്യാപ്തരാക്കുകയുമാണ് ക്യാമ്പിലൂടെ ലക്ഷ്യമിട്ടത്.

സ്വാമി പൂര്‍ണാമൃതാനന്ദപുരിയും സ്വാമി ജ്ഞാനാമൃതാനന്ദപുരിയും ബ്രഹ്മചാരിണി ഭവ്യാമൃത ചൈതന്യ, ബ്രഹ്മചാരിണി അനഘാമൃത ചൈതന്യ, പ്രജിത്ത് എന്നിവരോടൊപ്പം വൃക്ഷത്തൈകള്‍ നട്ടു കൊണ്ടായിരുന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. പൊതു സ്ഥലങ്ങള്‍ ശുചീകരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായവരെ ക്യാമ്പില്‍ ആദരിച്ചു.

അമ്മയുടെ പാഠങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിതത്തില്‍ മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ യുവജനങ്ങളെ പര്യാപ്തരാക്കുവാനായി 1985-ലാണ് അയുധ് ഇന്ത്യയില്‍ സ്ഥാപിച്ചത്. ഇപ്പോള്‍ ഏഷ്യ, യൂറോപ്പ്, അമേരിക്ക, ആസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയവിടങ്ങളിലായി നാല്‍പ്പതിലേറെ രാജ്യങ്ങളില്‍ ഈ പ്രസ്ഥാനം സജീവമാണ്.