പ്രകൃതി സംരക്ഷണത്തിന് സിഎസ്‌ഐ മോഡല്‍

Posted on: July 1, 2019


ചെന്നൈ : പ്രകൃതിയിലേക്കു മടങ്ങുകയെന്ന ആഹ്വാനം പ്രവര്‍ത്തിപഥത്തില്‍ കാണണമെങ്കില്‍ റോയപ്പേട്ടയിലെ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സിഎസ്‌ഐ) ആസ്ഥാനത്തേക്കു സ്വാഗതം.

മലിന ജല ശുദ്ധീകരണ പ്ലാന്റ്, മഴ വെള്ള സംഭരണം, വെളിച്ചത്തിനു സോളര്‍ പ്‌ളാന്റുകള്‍, ആവിയില്‍ പ്രവര്‍ത്തിക്കുന്ന അടുക്കള തുടങ്ങി പ്രകൃതിയെ അധികം മുറിവേല്‍പിക്കാത്ത ജീവിത ശൈലിയുടെ ഒട്ടേറെ മാതൃകകള്‍ ഇവിടെ കാണാം. ചെന്നൈ നഗരം ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ജലക്ഷാമം അനുഭവിക്കുമ്പോള്‍ എല്ലാവര്‍ക്കും അനുകരിക്കാവുന്ന മാതൃകയായാണിത്. ഓഗസ്റ്റ് 1 മുതല്‍ 4 വരെ നടക്കുന്ന രാജ്യാന്തര ഇക്കോളജി കണ്‍വന്‍ഷനു മുന്നോടിയായാണു സിഎസ്‌ഐ ആസ്ഥാനത്തു ഹരിത പദ്ധതികള്‍ നടപ്പാക്കുന്നത്. 60 ലക്ഷത്തിന്റേതാണു പദ്ധതി. സഭയ്ക്കു കീഴിലുള്ള എല്ലാ പള്ളികള്‍ക്കും പരിസ്ഥിതി സൗഹൃദപദ്ധതികളിലേക്കു മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

20000 ലിറ്റര്‍ വെള്ളമാണു ദിവസവും ശുദ്ധഈകരണ പ്ലാന്റ് വഴി പുനരുപയോഗിക്കുന്നത്. വൈദ്യുതി ഉപഭോഗത്തിന്റെ 65 % സോളാര്‍ പാനലുകള്‍ വഴിയാണു ലഭിക്കുന്നത്. ദിവസം ശരാശരി 200 പേര്‍ ഭക്ഷണം കഴിക്കാനെത്തുന്ന ഇവിടെ പാചകം പൂര്‍ണമായി ആവിയില്‍. ഊര്‍ജ നഷ്ടവും ഗ്യാസ്, വിറക് എന്നിവയെ അപേക്ഷിച്ചു ചെലവും കുറവ്.
മാലിന്യം ജൈവ വളമാക്കി മാറ്റുന്ന ഓര്‍ഗാനിക് വേസ്റ്റ് കണ്‍വെര്‍ട്ടര്‍, കംപോസ്റ്റ് ക്യൂറിംഗ് സിസ്‌ററം, പരിസ്ഥിതി, സൗഹൃദ പാര്‍ക്കിംഗ് തുടങ്ങിയവയും നടപ്പാക്കുന്നു.