വെള്ളായണി കായൽ ഉത്തരവാദിത്ത ടൂറിസ സൗഹൃദ മേഖലയാക്കും

Posted on: June 14, 2019

തിരുവനന്തപുരം : വെള്ളായണി കായൽ ശുചീകരണ പ്രവർത്തനങ്ങളുടെ തുടർപ്രവർത്തന ഭാഗമായി കായലിന്റെ ആഴം കൂട്ടുന്നതടക്കമുള്ള കർമ്മ പദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾ സംസ്ഥാന സർക്കാരിന്റെയും തദ്ദേശ ഭരണകൂടങ്ങളുടെയും പിന്തുണയോടെ നടത്തുന്ന കായൽ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകമായ വെള്ളായണി കായൽ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വിവിധ സർക്കാർ വകുപ്പുകളെ കൂടി ഉൾപ്പെടുത്തിയുള്ള ബൃഹത്തായ പ്രവർത്തനത്തിന് മന്ത്രി നിർദ്ദേശിച്ചു.

കഴിഞ്ഞ മാസം ഇരുപത്തെട്ടാം തീയതിയാണ് വെള്ളായണി കായൽ ശുചീകരണം ആരംഭിച്ചത്. വവ്വാമൂല ബണ്ടിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ച ശുചീകരണ പ്രവർത്തനം 75 ദിവസത്തിൽ പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും, കുളവാഴകളും പായലും മാലിന്യവും നീക്കം ചെയ്യുന്നതിന് 200 ദിവസമെങ്കിലും വേണ്ടിവരുന്ന സ്ഥിതിയാണെന്ന് സ്വസ്തി ഫൗണ്ടേഷൻ മന്ത്രിയെ അറിയിച്ചു.

അക്വാട്ടിക്ക് വീഡ് ഹാർവെസ്റ്റർ യന്ത്രം ഉപയോഗിച്ച് ഇതുവരെ 300ൽ അധികം ലോഡ് പായൽ നീക്കം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തെ തുടർന്ന് വൻതോതിൽ മണൽ വന്നടിഞ്ഞതിനെ തുടർന്ന് കായലിന്റെ സ്വാഭാവിക ആഴം വളരെയധികം കുറഞ്ഞിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കായലിന്റെ ആഴം കൂട്ടുന്നതിനും, തുടർന്നുള്ള സംരക്ഷണ പ്രവർത്തനങ്ങൾക്കുമായുള്ള പദ്ധതി ബാർട്ടൺ ഹിൽ എൻജിനീയറിംഗ് കോളേജിന്റെ സഹായത്തോടെ തയാറാക്കി കിഫ്ബിക്ക് സമർപ്പിക്കുവാൻ ഇറിഗേഷൻ വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി.

വൃത്തിയാക്കിയ ഭാഗത്തേക്ക് വീണ്ടും പായൽ ഒഴുകിയെത്തുന്നത് തടയാൻ ബണ്ട് നിർമ്മാണമടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ ഗ്രാമ പഞ്ചായത്തുകളെയും ജലസേചന വകുപ്പിനെയും ചുമതലപ്പെടുത്തി. പ്രതിദിനം ധാരാളം സന്ദർശകരെത്തുന്ന വെള്ളായണി കായൽ പ്രദേശം ഉത്തരവാദിത്ത ടൂറിസ സൗഹൃദ മേഖലയാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗത്തിൽ അറിയിച്ചു. കായലിന്റെ സംരക്ഷണത്തിനായി 60 വീതം കുടുംബങ്ങളെ അംഗമാക്കി ജനജാഗ്രതാ സമിതികൾ ആരംഭിക്കുവാനും തീരുമാനിച്ചു. വെള്ളായണി കായൽ ശുചീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല സബ് കളക്ടർക്ക് നൽകുവാനും മന്ത്രി നിർദ്ദേശം നൽകി.

യോഗത്തിൽ മുൻ എംഎൽഎ വി.ശിവൻകുട്ടി, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയകുമാരി, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി, ടൂറിസം ഡയറക്ടർ പി. ബാലകിരൺ ഐഎഎസ്, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, ടി കെ എ നായർ ഐഎഎസ്, എസ്. ഗോപിനാഥ് ഐപിഎസ്, എസ്. ആർ ശ്രീരാജ്, കണ്ണന്താനം ഗ്രൂപ്പ് എം.ഡി മനീഷ് തോമസ് തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.