പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാക്കുന്നതിന് ആഗോള സംഘടന

Posted on: January 19, 2019

ന്യൂഡല്‍ഹി : ആഗോള തലത്തില്‍ പ്ലാസ്റ്റിക്, ഉപഭോക്തൃ ഉല്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ചേര്‍ന്ന് പ്ലാസ്റ്റിക്ക് മുക്ത പരിസ്ഥിതി എന്ന ലക്ഷ്യവുമായി പുതിയ സംഘടന രൂപീകരിച്ചു. പ്രധാനമായും സമുദ്രത്തിലെ പ്ലാസ്റ്റിക്കുകള്‍ ഇല്ലാതാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. അലയന്‍സ് ടു എന്‍ഡ് പ്ലാസ്റ്റിക് വേസ്റ്റ് ( എഇപിഡബ്ല്യു ) എന്നാണ് സംഘടനയുടെ പേര്. നിലവില്‍ മുപ്പതോളം അംഗങ്ങളാണ് സംഘടനയില്‍ ഉള്ളത്. പ്ലാസ്റ്റിക് മുക്ത പരിസ്ഥിതിക്കായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.5 ബില്ല്യണ്‍ ഡോളര്‍ സംഘടന ചെലവഴിക്കും

പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയും പ്ലാസ്റ്റിക്കിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിലൂടെയും പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറച്ച് കൊണ്ടുവരുന്നതിനാണ് സംഘടന ലക്ഷ്യമിടുന്നത്. ഉത്തര, ദക്ഷിണ അമേരിക്കന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍,യൂറോപ്പ്, ഏഷ്യ, ദക്ഷിണ കിഴക്കേഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് സംഘടനയില്‍ ഉള്ളത്.

പരിസ്ഥിതി , സമുദ്ര മലീനീകരണത്തിന് ഇടയാക്കുന്ന പാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാക്കണമെന്നും ഈ ആഗോള വെല്ലുവിളി നേരിടാന്‍ പുതിയ സംഘടന തീരുമാനമെടുത്തുവെന്നും എഇപിഡബ്ല്യു ചെയര്‍മാനും പി & ജിപ്രസിഡന്റുമായ ഡേവിഡ് ടെയ്‌ലര്‍ പറഞ്ഞു. വ്യവസായങ്ങള്‍, സര്‍ക്കാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവ ഒരുമിച്ചാല്‍ പ്ലാസ്റ്റിക് മലീനീകരണമെന്ന വെല്ലുവിളിക്ക് പരിഹാരം ഉണ്ടാക്കാമെന്ന് എഇപിഡബ്ല്യു വൈസ് പ്രസിഡന്റ്‌ ലിയോണ്ടല്‍ ബേസല്‍ പറഞ്ഞു

പ്രാഥമിക ഘട്ടത്തില്‍ പ്ലാസ്റ്റിക് മലീനീകരണം തടയുന്നതിനുള്ള നിരവധി പദ്ധതികളും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. നദികള്‍ വഴി കൂടുതലായി കടലിലേയ്ക്ക് പ്ലാസ്റ്റിക് ഒഴുകി വരുന്ന സ്ഥലങ്ങളില്‍ സംഘടന പ്രവര്‍ത്തിക്കും. പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും സാങ്കേതിക വിദ്യകള്‍ കണ്ടുപിടിക്കുന്നതിനുമായി ഇന്‍കുബേറ്റര്‍ ശൃംഖലകള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌കരണത്തിന് വഴികള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും സംഘടനയ്‌ക്ക് പദ്ധതിയുണ്ട്.