അഷ്ടമുടിക്കായലിന് കലികാലം

Posted on: July 4, 2016

Ashtamudi-Lake-waste-dumpin

കാറ്റടിച്ചാൽ കലിയിളകും അഷ്ടമുടിക്കായൽ… വിഖ്യാതമായ മലയാള സിനിമാഗാനം മലയാളികളുടെ ചുണ്ടുകളിൽ നിന്ന് ഒരിക്കലും മായില്ല. കാറ്റടിച്ചില്ലെങ്കിലും അഷ്ടമുടിക്കായൽ ഇന്നു ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്നു. മാലിന്യം നിറഞ്ഞ കായൽ മരണവെപ്രാളത്തിൽ പുളയുകയാണ്. കായലിലെ കോടാനുകോടി ജീവജാലങ്ങളും മരണവക്രത്തിൽ പിടയുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുക.

കൊല്ലം ജില്ലയിലെ ലക്ഷോപലക്ഷം ജനങ്ങൾക്ക് അന്നവും വെള്ളവും സമ്മാനിക്കുന്നത് അഷ്ടമുടിക്കായലാണ്. ഈ ജലസ്‌ത്രോതസ് ഇന്ന് മലിനീകരണത്തിന്റെ പിടിയിലാണ്. വിഷലിപ്തമായ അഷ്ടമുടിക്കായലിലെ ഓരോ തുള്ളി വെള്ളത്തിലും കോളിഫോം ബാക്ടീരിയയുടെ അളവ് ഭയാനകമായി ഉയരുന്നു. മത്സ്യങ്ങൾ ചത്തുപൊന്തുന്നു. മീനുകൾ മാത്രമല്ല ചെമ്മീനു കല്ലുമ്മക്കായും ഉൾപ്പെടെ എല്ലാ ജലവിഭവങ്ങളും ഈ കായലിൽ വംശനാശത്തിന്റെ പിടിയാണ്. ഈ കായലിനെ സമ്പന്നമാക്കുന്ന കല്ലടയാടും മരണശയ്യയിൽതന്നെ.

കായൽ അതിരിടുന്ന മൺറോത്തുരുത്ത് ഇന്ന് കേരളത്തിന്റെ കണ്ണീർക്കാഴ്ചയാണ്. ഓരോ ദിവസവും തുരുത്ത് ഇടിഞ്ഞുതാഴ്ന്നുകൊണ്ടിരിക്കുന്നു. മൺറോത്തുരുത്തിൽ വർഷത്തിൽ എട്ടുമാസവും വേലിയേറ്റം. നെല്ലിനും തെങ്ങിനും പേരെടുത്ത തുരുത്തിനെ വൈകാതെ പ്രളയം വിഴുങ്ങുമെന്നതിനാൽ ഇവിടെനിന്നും താമസക്കാർ നാടുവിട്ടുകൊണ്ടിരിക്കുന്നു.

അഷ്മുടിക്കായലിലെ ജലത്തിൽ ഓക്‌സിജന്റെ അളവ് അനുദിനം കുറഞ്ഞുവരികയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അശാസ്ത്രീയമായ ഡ്രെഡ്ജിംഗ് മൂലം കായൽ വെള്ളത്തിന്റെ കയറ്റിറക്കം നിശ്ചലാവസ്ഥയിലാണ്. തന്മൂലം മാലിന്യങ്ങൾ ഒഴുകി പോകുന്നില്ല. തീരത്തോടു ചേർന്ന് മാലിന്യങ്ങൾ നിറഞ്ഞ് കായൽ ചതുപ്പായി മാറുന്നു. ഒപ്പം തീരത്ത് ഓരോ ദിവസവും പുതിയ കൈയേറ്റങ്ങൾ വർധിച്ചുവരുന്നു. എല്ലാതരത്തിലും ഇന്നു കേരളത്തിന്റെ കണ്ണീർതടാകമാണ് അഷ്ടമുടി.

മീൻ പിടിച്ചും കക്കാ വാരിയും ഉപജീവനം നടത്തുന്ന വലിയൊരു സമൂഹം ഇന്നു വറുതിയിലാണ്. അതേ സമയം മണൽവാരി കായലിന്റെ നെഞ്ചു മാന്തിയെടുത്ത് ഈ വരദാനത്തെ ഇല്ലായ്മപ്പെടുത്താൽ വലിയൊരു മാഫിയ രംഗത്തുണ്ട്. കൊല്ലിമണൽ ഘനനത്തിലൂടെ കായലിന്റെ ആഴം കൂടി. വേലിയേറ്റത്തിന്റെ തോത് വർധിച്ച് തീരം ഇടിഞ്ഞുനശിക്കുകയാണ്.

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തണ്ണീർത്തടമായ അഷ്ടമുടിക്കായൽ മാലിന്യങ്ങൾ നിറഞ്ഞ് ഊർധശ്വാസം വലിക്കുകയാണ്. വലുപ്പത്തിന്റെ കാര്യത്തിൽ വേമ്പനാട്ട് കായലിന് തൊട്ടുപിന്നിലാണ് അഷ്ടമുടിയുടെ സ്ഥാനം. സർക്കാർ രേഖകളിൽ 61,400 ഹെക്ടറാണ് വിസ്തൃതി. കൈയേറ്റങ്ങൾ കായലിന്റെ വിസ്തൃതി അനുദിനം കുറയ്ക്കുകയാണ്. റാംസർ ഉടമ്പടി പ്രകാരം സംരക്ഷിക്കേണ്ട തണ്ണീർത്തടങ്ങളിലൊന്നാണ് ( നമ്പർ 1204 ) അഷ്ടമുടിക്കായൽ.

അഷ്ടമുടിക്കായൽ ഇന്ന് ഗുരുതരമായ പാരിസ്ഥിതിക നാശം നേരിടുകയാണ്. മനുഷ്യകേന്ദ്രീകൃത കാരണങ്ങളാലാണ് അഷ്ടമുടിക്കായൽ ഇന്ന് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത്. ദേശിയ ജലപാതയുടെ ഭാഗമാണ് അഷ്ടമുടിക്കായൽ.അശാസ്ത്രീയമായ ഡ്രെഡ്ജിംഗും മണൽവാരലും കായലിന്റെ നിലനിൽപ്പിന് ഭീഷണിയാണ്.

Ashtamudi-Lake-waste-Bigകണ്ണടയ്ക്കാം, മൂക്കുപൊത്താം

വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള കായലാണ് അഷ്ടമുടി. അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ് കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും പനയാകൃതിയുള്ള ജലസംരണി വിശേഷിപ്പിക്കുന്നു.

കൊല്ലം പട്ടണത്തിനു സമീപം കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ എന്നീ താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന കായൽ മഞ്ഞപ്പാടൻ, മുക്കാടൻ, പെരുമൺ, കണ്ടച്ചിറ തുടങ്ങി എട്ടു ശാഖകളായി പിരിഞ്ഞു കിടക്കുന്നതിനാലാണ് അഷ്ടമുടി എന്ന പേർ സിദ്ധിച്ചത്. വിലങ്ങനെയുള്ള ഏറ്റവും കൂടിയ നീളം 16 കി.മീ. ആണ്. എന്നാൽ ശരാശരി വീതി 3 കിലോമീറ്ററെയുള്ളു. വിസ്തീർണം 51.8 ച.കി.മീ. നീണ്ടകര അഴി മുഖാന്തിരം കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇപ്പോൾ കൊല്ലം നഗരത്തിന്റെ മാലിന്യ നിക്ഷേപ കേന്ദ്രമാണ് അഷ്ടമുടിക്കായൽ. നഗരത്തിന്റെ ഓടകളിൽ നിന്നും നേരിട്ടും മാലിന്യങ്ങൾ ഇടതടവില്ലാതെ കായലിലേക്ക് പ്രവഹിക്കുകയാണ്. നഗരകേന്ദ്രമായ ആശ്രാമം മേഖലയിലാണ് ഏറ്റവും അധികം മലിനീകരണം. കൊല്ലം തോടിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ അഷ്ടമുടിക്കായലിൽ കലരുന്നതും ഇവിടെവച്ചാണ്.

പ്രസിഡന്റ്‌സ് ട്രോഫി ജലമേളയുടെ പവലിയന് മുന്നിൽ മാലിന്യക്കൂമ്പാരം. കായലിൽ അഴുകി നടക്കുന്ന മാംസാവശിഷ്ടങ്ങൾ, ചത്ത തെരുവുനായ്ക്കളുടെ ശരീരങ്ങൾ, – അഷ്ടമുടിക്കായലിന്റെ ഭംഗി നുകരാനെത്തുന്ന വിദേശികളുടെയും സ്വദേശികളുടെയും മനംമടുപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം കായലോരത്തുകൂടി മൂക്കുപൊത്താതെ ആർക്കും സഞ്ചരിക്കാനാകില്ല. ഇതിനു പുറമെ മറ്റു പലതരം മലീനികരണ ഭിഷണികളും ഇന്ന് അഷ്ടമുടിക്കായൽ നേരിടുന്നു.

കക്കൂസ് മാലിന്യം

കായലിന് ചുറ്റുമുള്ള രണ്ടായിരത്തോളം വീടുകളിൽ നിന്ന് കക്കൂസ് മാലിന്യങ്ങളും ഒഴുകിയെത്തുന്നത് അഷ്ടമുടിക്കായലിലേക്കാണ്. കൊല്ലം ജില്ലാ ജയിലിൽ നിന്നും കക്കൂസ് മാലിന്യങ്ങൾ പുറന്തള്ളുന്നത് അഷ്ടമുടിക്കായലിലേക്കാണെന്നുള്ളതാണ് ഏറ്റവും ബാലിശമായ നടപടി. ഇക്കാര്യം സ്ഥിരീകരിക്കുന്നതിൽ ജയിൽ അധികൃതർക്ക് യാതൊരുമടിയുമില്ല. ഈ അവസ്ഥയ്ക്ക് അടിയന്തരമായി മാറ്റം വരുത്തണം.

ആശുപത്രി മാലിന്യം

ആശുപത്രി മാലിന്യങ്ങളും മരുന്നുകളുടെയും സിറിഞ്ചുകൾ ഉൾപ്പടെ ഉപയോഗിച്ച മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും കായലിലേക്കാണ് തള്ളുന്നത്. ജില്ലാ ആശുപത്രി, വിക്‌ടോറിയ ആശുപത്രി എന്നിവിടങ്ങളിൽ നിന്നാണ് മാലിന്യങ്ങൾ ഏറെയും പുറന്തള്ളുന്നത്. ആശുപത്രി മാലിന്യത്തോടൊപ്പം ചാപിള്ളകളും അഷ്ടമുടികായലിൽ ഒഴുകി നടക്കുന്നത് നിത്യസംഭവമാണ്.

മാംസാവശിഷ്ടങ്ങൾ

കൊല്ലം നഗരത്തിലെ അറവുമാടുകളുടെ അവശിഷ്ടങ്ങളും കോഴിവേസ്റ്റും തള്ളുന്നത് അഷ്ടമുടിക്കായലിലേക്കാണ്. ഇവ വെള്ളത്തിൽ കിടന്ന് ചീഞ്ഞ് വലിയ ദുർഗന്ധമാണ് കായൽ പരിസരങ്ങളിൽ അനുഭവപ്പെടുന്നത്. അഷ്ടമുടിക്കായലിന്റെ തീരത്ത് കൊല്ലം കോർപ്പറേഷൻ സ്ലോട്ടർഹൗസ് സ്ഥാപിച്ചത് തെറ്റായ തീരുമാനമായിരുന്നു. അത് ഇപ്പോൾ എങ്ങോട്ടും മാറ്റാനാവാത്ത അവസ്ഥയാണ്. എവിടെപോയി സ്ഥല പരിശോധന നടത്തിയാലും അവിടങ്ങളിൽ വലിയ എതിർപ്പാണ് നേരിടേണ്ടത്.

പ്ലാസ്റ്റിക് മാലിന്യം

രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് മാലിന്യങ്ങൾ അഷ്ടമുടിക്കായലിലേക്ക് തള്ളുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പ്ലാസ്റ്റിക് സഞ്ചികളിൽ മാലിന്യങ്ങൽ വലിച്ചെറിയുന്നതിന് പുറമെ മത്സ്യത്തൊഴിലാളികൾ ഉപയോഗ്യശൂന്യമയാ പ്ലാസ്റ്റിക് വലകൾ കായലിൽ ഉപേക്ഷിക്കുന്നതും മറ്റൊരു ഭീഷണിയാണ്.

കയർ മാലിന്യം

കായലിലെ തൊണ്ട് ചീയിക്കലും അതുമൂലം കായലിൽ നിക്ഷേപിക്കപ്പെടുന്ന ചകിരിച്ചോറും കായലിന്റെ ജൈവഘടനയെ ദോഷകരമായി ബാധിക്കുന്നുണ്ട്. അഷ്ടമുടിക്കായൽ നേരിടുന്ന വെല്ലുവിളികളുടെ പ്രതിഫലനമാണ് മൺറോ തുരത്തിൽ സംഭവിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും കായലിന്റെ നാശവും കൂടി വൈകാതെ മൺറോതുരുത്തിനെ വെള്ളത്തിനടിയിലാക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക.
(തുടരും)

ലിപ്‌സൺ ഫിലിപ്പ്