നജിം അര്‍ഷദിന്റെ മധുര സ്വരത്തില്‍ ‘യാമം’ ! ഷോജി സെബാസ്റ്റ്യന്റെ ‘എല്‍’ലെ ആദ്യ ഗാനം പുറത്ത്.

Posted on: March 9, 2024

കൊച്ചി : പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘എല്‍’ലെ ‘യാമം’ എന്ന ഗാനം ശ്രദ്ധനേടുന്നു. റോഷന്‍ ബോബന്റെ ഹൃദയസ്പര്‍ശിയായ വരികളോടെ പ്രണയാര്‍ദ്രമായ് ദൃശ്യാവിഷ്‌ക്കരിച്ച ഗാനത്തിന് ബ്ലെസ്സണ്‍ തോമസാണ് സംഗീതം പകര്‍ന്നത്. നജിം അര്‍ഷദിന്റെ മധുര സ്വരത്തില്‍ ആലപിച്ച ഗാനമിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഷോജി സെബാസ്റ്റ്യനും ഷെല്ലി ജോയിയും ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിക്കുന്ന ചിത്രം പോപ് മീഡിയയുടെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ഇടുക്കി, ഗോവ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.

‘എന്നാലും എന്റെ അളിയാ’ എന്ന ചിത്രത്തിന് ശേഷം അമൃത മേനോന്‍ നായിക കഥാപാത്രത്തെ അവതരിപ്പക്കുന്ന ‘എല്‍’ന്റെ ടീസര്‍ പ്രേക്ഷക പ്രീതിക്കൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ടീസര്‍ യൂ ട്യൂബില്‍ കണ്ടത്. മികച്ച സാങ്കേതിക തികവോടെയാണ് ചിത്രം എത്തുന്നത്. മലയാളത്തിലെ പ്രഗത്ഭരായ സംഗീതഞ്ജരോടൊപ്പം പ്രവര്‍ത്തിച്ച സംഗീതസംവിധായകനായ ബ്ലെസ്സണ്‍ തോമസ് ആദ്യമായ് സ്വതന്ത്ര സംവിധായകനായ് നിന്നുകൊണ്ട് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന സിനിമയാണ് ‘എല്‍’.

ഛായാഗ്രഹണം: അരുണ്‍കുമാര്‍, ചിത്രസംയോജനം: സൂരജ് അയ്യപ്പന്‍, സൗണ്ട് മിക്‌സിംഗ്: ഹാപ്പി ജോസ്, പ്രൊജക്റ്റ് ഡിസൈന്‍ & കളര്‍ ഗ്രേഡിംഗ്: ബെന്‍ കാച്ചപ്പിള്ളി, കലാസംവിധാനം: ഷിബു, വസ്ത്രാലങ്കാരം: സുല്‍ഫിയ മജീദ്, മേക്കപ്പ്: കൃഷ്ണന്‍, പോസ്റ്റര്‍ ഡിസൈന്‍: എസ് കെ ഡി ഡിസൈന്‍ ഫാക്ടറി, പിആര്‍ഒ: പി ആര്‍ സുമേരന്‍. https://youtu.be/ExsAe1FrQKE