ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബശ്രീയുടെ വീഡിയോ പരിശീലനം

Posted on: July 29, 2020

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ കുടുംബശ്രീ നടത്തുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ, ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കു വേണ്ടി വീഡിയോ പരിശീലന ക്‌ളാസുകള്‍ ആരംഭിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കാലതാമസം നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ പഠന നിലവാരം പുന: സ്ഥാപിക്കുന്നതിനും മാനസിക വികാസം സാധ്യമാക്കുന്നതിനും വേണ്ടിയാണ് ഇവര്‍ക്കായി പ്രത്യക വീഡിയോ പരിശീലനം ആരംഭിച്ചത്.

സംസ്ഥാനത്തെ 289 ബഡ്‌സ് സ്ഥാപനങ്ങളിലെ 9002 കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന വീഡിയോ പരിശീലനം. 138 ബഡ്‌സ് സ്‌കൂളുകളിലും 151 ബഡ്‌സ് പുനരധിവാസ കേന്ദ്രങ്ങളിലുമായി പഠനവും പകല്‍പരിപാലനവും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭിച്ചു വന്നിരുന്നവരാണ് ഈ കുട്ടികള്‍. ഇവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പരിശീലന പരിപാടികള്‍ക്കും മുടക്കം വരാതെ തുടര്‍ന്നും ലഭ്യമാക്കുന്നതിനു വേണ്ടിയാണ് പ്രത്യേക പരിശീലനം നേടിയ 430 അധ്യാപികമാര്‍ മുഖേന ഈ ഘട്ടത്തിലും കുട്ടികള്‍ക്ക് വീഡിയോ പരിശീലനം നല്‍കി വരുന്നത്.

ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍, പരിസര നൈപുണി, ആരോഗ്യ നൈപുണി, പരിസര നൈപുണി, പ്രാഥമിക ഗാര്‍ഹിക നൈപുണികള്‍, പേപ്പര്‍ ബാഗ്, പേപ്പര്‍ പേന, കരകൗശല വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിശീലന വീഡിയോകളാണ് കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ളത്.

ഓരോ ബഡ്‌സ് സ്ഥാപനങ്ങളിലും പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഈ വീഡിയോ വാട്ട്‌സാപ്, ഫേസ്ബുക്ക്, യൂട്യൂബ് ചാനല്‍ എന്നിവയിലൂടെ എത്തിച്ചു നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എല്ലാ കുട്ടികളും ഈ വിഡിയോ കാണുന്നുണ്ടെന്നും അതനുസരിച്ച് പരിശീലനങ്ങള്‍ ചെയ്യുന്നുണ്ടെന്നും അധ്യാപകരിലൂടെ ഉറപ്പു വരുത്തുന്നുണ്ട്. കൂടാതെ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ വഴി കൃത്യമായ നിരീക്ഷണവും വിലയിരുത്തലുമുണ്ട്.

പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുട്ടികളുടെ ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനായി ബഡ്‌സ് സ്‌കൂളുകളിലെ തെറാപ്പിസ്റ്റുകളെ ഉപയോഗിച്ച് പൊതു വ്യായാമ പരിശീലനം സംബന്ധിച്ച വീഡിയോയും ഇപ്പോള്‍ കുട്ടികളിലേക്കെത്തിക്കുന്നുണ്ട്. കൂടാതെ കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോമ്പോസിറ്റ് റീജിയണല്‍ സെന്ററുമായി ചേര്‍ന്ന് ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കനുയോജ്യമായ വിവിധ തെറാപ്പികളുടെ വിഡിയോ അധ്യാപകര്‍ മുഖേന രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്.

ലോക്ക്ഡൗണ്‍ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്കാവശ്യമായ പഠന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി അധ്യാപകര്‍ മുഖേന തയ്യാറാക്കിയ വീഡിയോ, രക്ഷകര്‍ത്താക്കളിലൂടെ നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തില്‍ എത്തിക്കാമെന്നു തീരുമാനിച്ചത്. തുടര്‍ന്ന് കുട്ടികളുടെ പഠനത്തിന് സഹായകരമാകുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ വീഡിയോ തയ്യാറാക്കി നല്‍കാന്‍ ബഡ്‌സ് സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ വീഡിയോ തയ്യാറാക്കി നല്‍കുകയായിരുന്നു.