വിജയം കാത്തിരുന്നത് വേറിട്ട വഴികളില്‍

Posted on: December 29, 2018

ബിസിനസ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ജിനോജ് തെരഞ്ഞെടുത്തത് വളരെ വ്യത്യസ്തമായ വഴിയാണ്. സാനിറ്ററി നാപ്കിനിന്റെ നിര്‍മാണം. സാനിറ്ററി നാപ്കിന്റെ ചെറുകിട നിര്‍മാണ യൂണിറ്റുകള്‍ അത്ര സജീവമല്ലാതിരുന്ന സമയത്താണ് ജിനോജ് ഈ മേഖലയിലേക്ക് എത്തുന്നത്. അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഒടുവില്‍ വേജര്‍ ഗ്രൂപ്പ് എന്ന കമ്പനി തുടങ്ങി. ചുരുങ്ങിയ കാലംകൊണ്ട് സാനിയോണ്‍ എന്ന പേരില്‍ സാനിറ്ററി പാഡുകള്‍ വിപണിയിലെത്തിക്കുകയും ചെയ്തു. വിപണി കീഴടക്കുക എന്നതിലുപരി ഗുണമേന്മയുള്ള നാപ്കിനുകള്‍ നിര്‍മിക്കുക എന്നതായിരുന്നു വേജര്‍ ഗ്രൂപ്പിന്റെ ലക്ഷ്യം. എങ്ങനെയാണ് ഈ മേഖലയിലേക്ക് എത്തിയതെന്ന് വേജര്‍ ഗ്രൂപ്പ് സാരഥി ജിനോജ്.കെ മനസ് തുറക്കുന്നു.

തുടക്കം വെന്‍ഡിംഗ് മെഷീനിലൂടെ

 

നാപ്കിന്‍ പാഡുകള്‍ സീല്‍ഡ് പാക്കറ്റുകളില്‍ ലഭ്യമല്ലാതിരുന്നപ്പോഴാണ് ജിനോജ് വെന്‍ഡിംഗ് മെഷീനെക്കുറിച്ച് ചിന്തിക്കുന്നത്. സ്‌കൂളുകളില്‍ വെന്‍ഡിംഗ് മെഷീന്‍ വച്ചാല്‍ കുട്ടികള്‍ക്ക് സൗകര്യപ്രദമാകുമെന്നതാണ് വെന്‍ഡിംഗ് മെഷീനെക്കുറിച്ച് അന്വേഷിക്കാന്‍ ജിനോജിനെ പ്രേരിപ്പിച്ചത്. ഒടുവില്‍ ചെന്നൈയില്‍ എത്തി വെന്‍ഡിംഗ് മെഷീനെക്കുറിച്ച് പഠിച്ചു. പിന്നീട് സ്വദേശമായ കണ്ണൂരില്‍ താന്‍ പഠിച്ച സ്‌കൂളില്‍ വെന്‍ഡിംഗ് മെഷീന്‍ വച്ചു. അഞ്ചു രൂപയ്ക്ക് ഒരു നാപ്കിന്‍ പാഡ് മെഷീനില്‍ നിന്നെടുക്കാം. പാക്ക് ചെയ്ത സീല്‍ഡ് ആയിട്ടുള്ള സിംഗിള്‍ പാഡ് വേണം വെന്‍ഡിംഗ് മെഷീനില്‍ വയ്ക്കാന്‍. അല്ലെങ്കില്‍ ഇന്‍ഫക്ഷന്‍ ഉണ്ടാകാനുളള സാധ്യതയേറും.

ചൈനയില്‍ നാപ്കിന്‍ പാഡുകളുടെ ഉത്പാദനം കൂടുതലാണെന്നു മനസ്സിലാക്കി അവിടേക്കു പോയി. പാഡുകള്‍ എങ്ങനെയാണ് നിര്‍മിക്കുന്നത്, ഡിസൈന്‍ ചെയ്യുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പഠിച്ചു. വെന്‍ഡിംഗ് മെഷീനില്‍ വയ്ക്കാനുള്ള പാഡുകള്‍ ജിനോജ് തന്നെ നിര്‍മിച്ചു. കൂടാതെ മെഷീനിനെക്കുറിച്ചും അതിന്റെ നിര്‍മാണത്തെക്കുറിച്ചും പഠിച്ചു. നാട്ടിലെത്തി വെന്‍ഡിംഗ് മെഷീന്‍ നിരവധി സ്‌കൂളുകളില്‍ വച്ചു. എല്ലായിടത്തു നിന്നും നല്ല അഭിപ്രായമാണ് ലഭിച്ചത്. എന്നാല്‍ കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ മറ്റു കമ്പനികള്‍ക്ക് വേണ്ടി മെഷീന്‍ നിര്‍മ്മിച്ചു നല്കാന്‍ തുടങ്ങി. പിന്നീട് പാഡുകള്‍ ബേണ്‍ ചെയ്തുകളയുന്ന ഇന്‍സിനിറേറ്ററും നിര്‍മ്മിച്ചു നല്കി.

സാനിയോണ്‍ നാപ്കിന്‍

 

2009 ലാണ് വേജര്‍ ഗ്രൂപ്പ് ആരംഭിക്കുന്നത്. സാനിയോണ്‍ എന്ന പേരില്‍ വേജര്‍ സാനിറ്ററി പാഡുകള്‍ വിപണിയില്‍ എത്തിച്ചു. പാക്കറ്റിന് 86 രൂപയായിരുന്നു വില. പരസ്യം ഇല്ലാത്തതുകൊണ്ടും വിലക്കൂടുതല്‍കൊണ്ടും വിപണിയില്‍ വിജയം നേടാന്‍ കഴിഞ്ഞില്ല. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്വാളിറ്റിയുള്ള പ്രോഡക്ടായതുകൊണ്ട് വിലക്കുറയ്ക്കാനാകാതെ വന്നു. എഫ് എം സി ജി ബിസിനസ്സിലെ പരിചയക്കുറവും ബിസിനസ് വിജയിക്കാത്തതിന്റെ കാരണമാണ്. പിന്നീട് മെഷീന്‍ മാനുഫാക്ചറിംഗിലേക്കും നാപ്കിന്‍ മാനുഫാക്ചറിംഗ് കമ്പനികള്‍ക്കുള്ള കണ്‍സള്‍ട്ടിംഗിലേക്കും തിരിഞ്ഞു.

2017 – ല്‍ കോയമ്പത്തൂരില്‍ സ്വന്തമായി ഫാക്ടറി തുടങ്ങി. കോടികള്‍ ഇന്‍വസ്റ്റ് ചെയ്ത് എക്‌സ്പീരിയന്‍സ് ഇല്ലാതെ ആരും ഫാക്ടറികള്‍ തുടങ്ങാന്‍ തയ്യാറാകാതെ വന്നപ്പോഴാണ് വേജര്‍ ഗ്രൂപ്പ് ഫാക്ടറി തുടങ്ങുന്നത്. മറ്റു ബ്രാന്‍ഡുകള്‍ക്ക് ഈ ഫാക്ടറി ഉപയോഗിച്ച് അവരുടെ ബ്രാന്‍ഡുകള്‍ നിര്‍മിച്ച് എക്‌സ്പീരിയന്‍സ് ആയതിനു ശേഷം സ്വന്തമായി നാപ്കിനുകള്‍ പുറത്തിറക്കാം. ഇപ്പോള്‍ 16 ബ്രാന്‍ഡുകള്‍ക്ക് നാപ്കിനുകള്‍ നിര്‍മിച്ചു നല്കുന്നുണ്ട്. പാഡുകള്‍ എക്സ്പോര്‍ട്ട് ചെയ്യുന്നു. എപ്പോഴും പുതുമ തേടുന്ന ജിനോജ് നാപ്കിനിലും വ്യത്യസ്ത കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. 21 തരം പാഡുകള്‍ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നുണ്ട്. ഗുണന്മേയുള്ള പാഡുകള്‍ കുറഞ്ഞ വിലയില്‍ നല്കുക എന്ന ലക്ഷ്യത്തോടെയാണ് 2015 ല്‍ സെന്റര്‍ ഫോര്‍ ഹൈജീന്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് എന്ന എന്‍ജിയോ തുടങ്ങിയത്. സ്‌കൂളുകളിലും കോളജുകളിലും ബോധവത്കരണ ക്ലാസുകള്‍ നല്കുന്നുണ്ട്.

ഇനി ഓണ്‍ലൈനില്‍

 

ജനുവരി മുതല്‍ സാനിയോണിന്റെ പാഡുകള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാകും. കമ്പനി രൂപീകരിച്ച് പത്തുവര്‍ഷമാകുന്നതിന്റെ ഭാഗമായിട്ടാണ് സാനിയോണ്‍ നാപ്കിന്‍ വീണ്ടും വിപണിയില്‍ എത്തുന്നത്. ഒരു വര്‍ഷത്തേക്ക് നാപ്കിനുകള്‍ സബ്സ്‌ക്രൈബ് ചെയ്യുകയും ഒരാളെ റഫര്‍ ചെയ്യുകയും ചെയ്താല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പാഡുകള്‍ ഫ്രീയായി ലഭിക്കും. മാനുഫാക്ചറര്‍ എന്ന നിലയില്‍ വില വളരെക്കുറച്ച് ക്വാളിറ്റിയുള്ള നാപ്കിന്‍ ഓണ്‍ലൈനില്‍ വിലക്കാന്‍ കഴിയും എന്നു ജിനോജ് ചൂണ്ടികാണിക്കുന്നു. കൊരട്ടി കിന്‍ഫ്രാ പാര്‍ക്കില്‍ വേജര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ മാനുഫാക്ചറിംഗ് യൂണിറ്റ് അടുത്ത മാസം ആരംഭിക്കും.

കുടുംബം എന്നും കൂടെ

 

കണ്ണൂര്‍ സ്വദേശിയായ ജിനോജ് എറണാകുളം കേന്ദ്രീകരിച്ചാണ് ബിസിനസ് ചെയ്യുന്നത്. അച്ഛന്‍ പരേതനായ കുഞ്ഞിരാമന്‍. അമ്മ ചിന്നമ്മ. ഭാര്യ സ്മിഷ ടീച്ചറാണ്. മകന്‍ ആരോണ്‍. 

അജിന മോഹന്‍

TAGS: Jinoj.K | Wager Group |