അശോകനും തോമസിനും സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷന്‍

Posted on: March 12, 2024

ഉളിക്കല്‍ : പരസഹായമില്ലാതെ വീടിനു പുറത്തിറങ്ങാന്‍ കഴിയാതിരുന്ന, നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം തള്ളിനീക്കിയ കണ്ണൂര്‍ ചെങ്ങളായി വളഞ്ഞിക്കുന്നേല്‍ അശോകന് ഇനി യഥേഷ്ടം പുറത്തിറങ്ങാം. മസ്‌കുലര്‍ ഡിസ്ട്രോഫി ബാധിച്ചു തളര്‍ന്നുപോയ അശോകന്റെ, ഏറെനാളത്തെ ഇലക്ട്രിക് വീല്‍ചെയര്‍ എന്ന ആവശ്യം മണപ്പുറം ഫൗണ്ടേഷന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂര്‍ത്തീകരിച്ചു നല്‍കി.

ഒന്‍പത് വര്‍ഷം മുന്‍പ് സംഭവിച്ച അപകടത്തെത്തുടര്‍ന്ന് അരയ്ക്ക്താഴെ ചലനശേഷി നഷ്ടമായ പയ്യാവൂര്‍ പഞ്ചായത്തിലെ പൊട്ടാടിക്കുന്നേല്‍ കെ. ജെ തോമസിന് മുച്ചക്ര സ്‌കൂട്ടറും മണപ്പുറം ഫൗണ്ടേഷന്‍ നല്‍കി. ഇരിക്കൂര്‍ എംഎല്‍എ അഡ്വ. സജീവ് ജോസഫിന്റെ നിര്‍ദേശപ്രകാരമാണ് മണപ്പുറം ഫൗണ്ടേഷന്‍ ഇലക്ട്രിക് വീല്‍ചെയറും മുച്ചക്ര സ്‌കൂട്ടറും ഇവര്‍ക്കു നല്‍കിയത്. എംഎല്‍എ അഡ്വ. സജീവ് ജോസഫ് വിതരണോത്ഘാടനം നിര്‍വഹിച്ചു.

ഉളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി. ദാസ് പദ്ധതി വിശദീകരിച്ചു . നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഫെറോന വികാരി ഫാ. ജോസഫ് കാവനാടിയില്‍, സിഎസ്ആര്‍ വിഭാഗം ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യന്‍, ആയിഷ ഇബ്രാഹിം, തോമസ് വര്‍ഗീസ്, സി. കെ സതീശന്‍, ബിനു, ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.