മില്‍മ തിരുവനന്തപുരം യൂണിയന്‍ ഒരു കോടിയുടെ പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ചു

Posted on: October 21, 2021

തിരുവനന്തപുരം : മില്‍മ തിരുവനന്തപുരം മേഖല യൂണിയനിലെ പ്രളയ ദുരിതം നേരിടുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു കോടി രൂപയുടെ ദുരിതാശ്വാസ സഹായങ്ങള്‍ പ്രഖ്യാപിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നാണ് പ്രളയദുരിതബാധിതരായ ക്ഷീരകര്‍ഷകര്‍ക്കുള്ള ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചത്.

പ്രളയബാധിത പ്രദേശത്തെ ക്ഷീര കര്‍ഷകരുടെ കന്നുകാലികള്‍ക്ക് സൗജന്യ കാലിത്തീറ്റ, പ്രളയത്തില്‍ മരണപ്പെട്ട ക്ഷീര കര്‍ഷകരുടെ അനന്തരാവകാശികള്‍ക്ക് 25,000 രൂപയുടെ ധനസഹായം, പ്രളയബാധിത പ്രദേശങ്ങളില്‍ 15 ദിവസത്തേയ്ക്ക് സൗജന്യ മൃഗചികിത്സാ സൗകര്യം എന്നിവ ലഭ്യമാക്കും.

ക്ഷീരസംഘങ്ങള്‍ കേന്ദീകരിച്ച് മൃഗ ചികിത്സാ ക്യാമ്പുകള്‍ ആരംഭിക്കും. പാല്‍ സംഭരണം മുടങ്ങിയ ക്ഷീര സംഘങ്ങളിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും. കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപ വരെ ലഭിക്കും.

കാലിത്തൊഴുത്തുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് 20,000 രൂപ വരെ ധനസഹായം നല്‍കും. പ്രളയത്താല്‍ കേടുപാടുകള്‍ നേരിട്ട സംഘം കെട്ടിടങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി 10,000 രൂപ ധനസഹായം, മില്‍മയുടെ സംഭരണ വാഹനങ്ങള്‍ എത്തിച്ചേരാന്‍ കഴിയാത്ത സംഘങ്ങള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്ജ് എന്നിവ നല്‍കും.

ഏകദേശം ഒരു കോടി രൂപയാണ് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയിട്ടുളളതെന്ന് തിരുവനന്തപുരം യൂണിയന്‍ കണ്‍വീനര്‍ ശ്രീ. എന്‍. ഭാസുരാംഗന്‍ അറിയിച്ചു. കൂടുതല്‍ പദ്ധതികള്‍ ദുരിതബാധിത സംഘങ്ങള്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം പ്രഖ്യാപിക്കും.

അടിക്കടി ഉണ്ടാകുന്ന പ്രകൃതിക്ഷോഭ ദുരന്തങ്ങള്‍ പരിഗണിച്ച് പത്തനംത്തിട്ട, ആലപ്പുഴ ജില്ലകളെ സംരക്ഷിത ക്ഷീരമേഖലയായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ശ്രീ. ഭാസുരാംഗന്‍ ആവശ്യപ്പെട്ടു. ഇതിന് തിരുവനന്തപുരം യൂണിയന്റെ എല്ലാ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

TAGS: Milma |