കോവിഡ് കെയര്‍ സെന്റര്‍ നാടിനു സമര്‍പ്പിച്ച് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്

Posted on: May 22, 2021

തൃശൂര്‍ : 80 കിടക്കകളുള്ള കോവിഡ് കെയര്‍ സെന്റര്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നാടിനു സമര്‍പ്പിച്ചു. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയില്‍ ഇസാഫിനു കീഴിലുള്ള ആശുപത്രിയാണ് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിനു വേണ്ടി കോവിഡ് കെയര്‍ സെന്ററാക്കി മാറ്റിയത്. മന്ത്രി കെ കൃഷ്ണന്‍കുട്ടി കോവിഡ് കെയര്‍ സെന്റര്‍ നാടിനു സമര്‍പ്പിച്ചു.

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡി കെ. പോള്‍ തോമസ് വിഡിയോകോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇസാഫിന്റെ സാമൂഹിക പ്രതിബന്ധതാ പദ്ധതിയുടെ ഭാഗമായാണ് ആശുപത്രി കോവിഡ് കെയര്‍ സെന്ററാക്കി മാറ്റിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീഷ് എന്‍, തഹസില്‍ദാര്‍ അന്നമ്മ വര്‍ഗീസ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് രാധാകൃഷ്ണന്‍, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, ഇസാഫ് ഹെല്‍ത്ത്കെയര്‍ സി.ഒ.ഒ ബിജു ജോര്‍ജ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ക്ലസ്റ്റര്‍ മേധാവികളായ റോയ്‌സണ്‍ ഫ്രാന്‍സിസ്, ജോമി ടി ഒ,ഇസാഫ് സീനിയര്‍ മാനേജര്‍ ജോണ്‍ പി ഇഞ്ചക്കലോടി എന്നിവര്‍ പങ്കെടുത്തു.

ഇസാഫ് ബാങ്ക് എം.ഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ പോള്‍ തോമസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് സെര്‍വന്റ് ലീഡര്‍ഷിപ് ഡേ ആയും ആചരിച്ചു. കൂടാതെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബന്ധത പദ്ധതിയുടെ ഭാഗമായി തൃശൂര്‍ കോര്‍പ്പറേഷന്‍ ആര്‍.ആര്‍.ടി പ്രവര്‍ത്തകര്‍ക്കുള്ള മെഡിക്കല്‍ കിറ്റുകള്‍ മേയര്‍ എം കെ വര്‍ഗീസിനു കൈമാറി.

ജൂബിലി മിഷന്‍ ആശുപത്രിക്കു നല്‍കിയ വെന്റിലേറ്റര്‍ ഡയറക്ടര്‍ ഫാദര്‍ ഫ്രാന്‍സിസ് പള്ളിക്കുന്നതും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബെന്നി ജോസഫും ചേര്‍ന്ന് ഏറ്റുവാങ്ങി. ഒല്ലൂക്കര കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഇസാഫ് ബാങ്ക് നല്‍കിയ ഭക്ഷ്യ കിറ്റുകള്‍ കൗണ്‍സിലര്‍മാരായ അഡ്വക്കേറ്റ് അനീസ് മുഹമ്മദ്, ബീന മുരളി എന്നിവര്‍ ഏറ്റുവാങ്ങി. ഈ മഹാമാരിക്കാലത്ത് നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.